മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ എയർപോർട്ടിലും ഐഎസ്ആർഒയിലും ടൈറ്റാനിയത്തിലുമെല്ലാം കുടികെട്ടി സമരം നടത്തുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ യൂജിൻ എച്ച് പെരേര. മത്സ്യത്തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു വലിയതുറ ഫൊറോനയുടെ നേതൃത്വത്തിൽ ഓൾ സെയ്ന്റ്സിനു സമീപം നടത്തി ധർണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ തീരദേശ ജനത ആഞ്ഞടിക്കും. തങ്ങൾ വിട്ടുകൊടുത്ത സ്ഥലങ്ങളിൽ മതിലുകൾ ഭേദിച്ച് കുടിലുകൾ കെട്ടി സമരം ചെയ്യുന്നതിന് മത്സ്യ ത്തൊഴിലാളികൾക്കു മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് മറൈൻ ആംബുലൻസിന്റെ പേരിലും നാവിക് കിറ്റുകളുടെ പേരിലും പുട്ടടിച്ചവരാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളികളെ വിറ്റ് പുട്ടടിക്കാൻ ഇനി ആരെയും അനുവദിക്കില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്ന ഭരണാധികാരികളാണ് ഇവിടെയുള്ളത്. മത്സ്യത്തൊഴിലാളി കൾ കടലിൽ ഉപയോഗിക്കുന്ന കോട്ടിനുപോലും റോഡ് ടാക്സ് വാങ്ങുന്നു. നാലു വർഷമായി മുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവർ വിവിധ ക്യാമ്പുകളിലും ഗോഡൗണുകളിലുമായി താമസിക്കുന്നു. ഇവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കണം. ഇവർക്ക് വാടകയ്ക്ക് വീടെടുത്തു താമസിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണം.

നിലനില്പിനു വേണ്ടിയുള്ള സമരമാണ് മത്സ്യത്തൊഴിലാളികൾ നടത്തുന്നത്. ഈ സമരത്തിൽ ജീവൻ ബലികഴിക്കാൻ സന്നദ്ധരായാണ് തങ്ങൾ നിൽക്കുന്നത്. തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായി പോരാടും. കടലിന്റെ പ്രതിഭാസം അറിയില്ലാത്തവരാണ് ഭരണം നടത്തുന്നത്. തങ്ങളെ പരദേശികളെപ്പോലെ ആട്ടിപ്പായിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിനു തുടർച്ചയായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പ്രതിഷേധ സമരങ്ങൾ തീരദേശം കേന്ദ്രീകരിച്ചു സംഘടിപ്പിക്കുന്നത്.

വലിയതുറ വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫൊറോന വികാരി ഫാ. ഹയസിന്ത് എം. നായകം, തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ഠിൻ ജോസ്, അൽമായ ശുശ്രൂഷാ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ഫൊ റോന സെക്രട്ടറി ഫാ. ജെറാൾഡ്, യുവജന ശുശ്രൂഷ ഡയറക്ടർ സന്തോഷ് തുടങ്ങിയ വർ ധർണാ സമരത്തിനു നേതൃത്വം നൽകി.