കോവിഡ്- 19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക് ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ വിവരം നിങ്ങൾക്കറിവുള്ളതാണല്ലോ. എങ്കിലും നിലവിലുള്ള ഗൗരവമായ രോഗവ്യാപന സാഹചര്യം പരിഗണിച്ച് നമ്മുടെ അതിരൂപതയിലെ ദൈവാലയങ്ങൾ പൊതുതിരുകർമ്മങ്ങൾക്കായി ഉടനെ തുറക്കേണ്ടതില്ല എന്ന് അഭിവന്ദ്യ പെരുംതോട്ടം മെത്രാപ്പോലീത്ത അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ദൈവാലയത്തിൽ എത്തുന്നതിന് തടസ്സമില്ല. അപ്രകാരമുള്ള സന്ദർഭങ്ങളിലും സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
ദൈവാലയത്തിൽ പ്രവേശിക്കുന്നവർ മോണ്ടളത്തിൽ ക്രമീകരിച്ചിരിക്കുന്ന റെജിസ്റ്ററിൽ പേരും അഡ്രസും ഫോൺ നമ്പരും സന്ദർശനസമയവും രേഖപ്പെടുത്തണം. കഴിവതും പേന സ്വന്തമായി കരുതുക.
ദൈവാലയങ്ങൾ പൊതു ആരാധനയ്ക്കായി തുറക്കപ്പെടുവാനും ജനജീവിതം സാധാരണ ഗതിയിൽ ആയിത്തീരുവാനും തക്ക വിധം കോവിഡ്- 19 നിൽനിന്നും നമ്മുടെ ദേശവും ലോകം മുഴുവനും വിമുക്തമാകുവാൻ ദൈവകരുണയ്ക്കായി നമുക്കു തുടർന്നും തീഷ്ണമായി പ്രാർത്ഥിയ്ക്കാം.