സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.

തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. നേരത്തെ മഴയുടെ ശക്തി കുറയുന്നതായി കണക്കാക്കിയിരുന്നു. ഇന്ന് ഒരു ജില്ലയിലും നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. മഴ അതിതീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണിത്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്.

കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ടു ചെയ്തു. ജനവാസമേഖലയില്‍ ആയിരുന്നില്ല ഉരുള്‍പൊട്ടലെന്ന് അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസര്‍കോട് ഒഴുക്കില്‍പ്പെട്ട റിട്ടയേര്‍ഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വര്‍ഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.

ഓഗസ്റ്റ് എട്ട് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഓഗസ്റ്റ് അഞ്ച് വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മലയോര മേഖലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

അതിനിടെ ഡാമുകള്‍ പലതും തുറന്നതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാലായില്‍ റോഡില്‍ വീണ്ടും വെള്ളം കയറി. തൃശൂരില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ചാലക്കുടിപ്പുഴയുടെ കരയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ഇപ്പോഴും ജലനിരപ്പ് ഉയരുകയാണ്.

2018, 2019 പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. ചാലക്കുടിയില്‍ അടുത്ത ഒരു മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുളളവരെ ഇതിനകം മാറ്റിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും വെള്ളം വന്‍തോതില്‍ ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിനൊപ്പം ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും പുഴയുടെ സമീപപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മീനച്ചിലാറ്റില്‍ ജലനിരപ്പ് അപകടകരമായ അവസ്ഥയിലാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി.

ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിട്ടുണ്ട്. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുകയാണ്. അതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. ഗള്‍ഫില്‍ നിന്നുള്ള അഞ്ചെണ്ണം ഉള്‍പ്പടെ ആറ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.

ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്. ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.