തൊടുപുഴ: ഇടുക്കി അണക്കര മരിയൻ ധ്യാനകേന്ദ്രത്തെയും ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും മതപരമായി അവഹേളിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയും ഹൈടൈക് സെൽ ഇൻസ്പെക്ടറും പരാതിയെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലൈ രണ്ടിനു നടക്കുന്ന സിറ്റിംഗിൽ വീണ്ടും പരിഗണിക്കും. ഫാ.ഡൊമിനിക് വാളന്മനാൽ നടത്തിയ ബൈബിൾ കണ്വൻഷൻ ശുശ്രൂഷകളുടെ വീഡിയോയിൽനിന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയ ശേഷം വ്യാജമായ മറ്റു കാര്യങ്ങൾ എഡിറ്റ് ചെയ്തു ചേർത്തു ഫേസ്ബുക്ക്, യു ട്യൂബ്, വാട്സ് ആപ്പ്, ബ്ലോഗ്, ഓണ്‍ലൈൻ സൈറ്റുകൾ തുടങ്ങിയവയിലൂടെ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി.
കണ്‍വൻഷനുകളിൽ നൽകിയ സന്ദേശങ്ങൾക്കു ഘടകവിരുദ്ധമായ കാര്യങ്ങൾ കുത്തിനിറച്ചു മതവികാരങ്ങൾ വ്രണപ്പെടുത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും ചിലർ ശ്രമിക്കുന്നുണ്ട്. ഇതര മതവിഭാഗങ്ങളിൽ സ്പർധ വളർത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നു മരിയൻ ധ്യാനകേന്ദ്രം പിആർഒ തോമസ് ജോസ് കമ്മീഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഘടിതമായ സൈബർ ആക്രമണമാണു നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്കും ഹൈടൈക് സെൽ ഇൻസ്പെക്ടർക്കും ധ്യാന കേന്ദ്രം നേരത്തെ പരാതി നൽകിയിരുന്നു.