പ്രിയപ്പെട്ടവരെ,

നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത , സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.
ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല.

ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം.

Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള വിദ്യാർത്ഥി പ്രവേശനങ്ങളിലും SC/ST , OBC വിഭാഗങ്ങളിൽ ഉൾപ്പെടാത്ത ജനറൽ വിഭാഗം എന്നു നാം പൊതുവെ വിളിക്കുന്ന ജനങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയിരിക്കുന്നു.

എന്താണ് ഈ സംവരണം ലഭിക്കാനുള്ള അർഹത

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാറിന്റേതിൽ നിന്നു വ്യത്യസ്തമാണ്.

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ
1. കുടുംബ വരുമാനം എട്ടു ലക്ഷം രൂപ കവിയാത്തവരും പരമാവധി അഞ്ച് ഏക്കർ വരെ കൃഷിഭൂമി ഉള്ളവരും 1000 സ്ക്വയർ ഫീറ്റ് വരെ വീട്/ഫ്ലാറ്റ് ഉള്ളവരും മുൻസിപ്പൽ/കോർപ്പറേഷൻ ഏരിയകളിൽ 100 സ്ക്വയർ യാർഡ് അതായത് 2.05 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവരും ഗ്രാമപഞ്ചായത്ത് ഏരിയയിൽ 200 സ്ക്വയർയാർഡ് അതായത് 4.1 സെന്റ് വരെ ഹൗസ് പ്ലോട്ട് ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. മുകളിൽ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും ഒരുപോലെ പാലിക്കപ്പെടേണ്ടതുണ്ട്.

ഇവിടെ കുടുംബം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷകൻ, ജീവിതപങ്കാളി, അയാളുടെ മാതാപിതാക്കൾ, 18 വയസ് പൂർത്തിയാവാത്ത സഹോദരങ്ങളും, 18 വയസിന് താഴെയുള്ള മക്കളുമാണ്.

ഇനി കുടുംബവാർഷിക വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അപേക്ഷ നൽകുന്ന വർഷത്തിന്റെ തൊട്ടു മുൻപിലത്തെ സാമ്പത്തിക വർഷത്തെ കുടുംബാംഗങ്ങളുടെ മൊത്തം വരുമാനമാണ്.
ഹൗസു് പ്ലോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വീടുള്ളതും വീട് വക്കാവുന്നതുമായ ഭൂമി എന്നാകുന്നു.

അന്ത്യോദയ അന്നയോജന റേഷൻകാർഡ് ഉടമകൾക്കും (AAY) പ്രയോരിറ്റി ഹൗസ് ഹോൾഡ് (PHH) കാർഡ്‌ഉടമകൾക്കും മേൽപ്പറഞ്ഞ ഹൗസ്പ്ലോട്ട്, വാർഷിക വരുമാനം, ഭൂസ്വത്ത് മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ തന്നെ EWS സംവരണത്തിനു അർഹരായിരിക്കും.

സംസ്ഥാനസർക്കാർ മാനദണ്ഡങ്ങൾ
1. കുടുംബ വരുമാനം നാല് ലക്ഷം രൂപ കവിയാത്തവരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി രണ്ടര ഏക്കറും മുൻസിപ്പാലിറ്റികളിൽ എഴുപത്തിയഞ്ച് സെന്റും കോർപ്പറേഷനുകളിൽ അമ്പത് സെന്റ് വരെ ഭൂസ്വത്ത് ഉള്ളവരും ഹൗസ്പ്ലോട്ടുകൾ പരമാവധി മുൻസിപ്പലിറ്റികളിൽ 20 സെന്റും കോർപ്പറേഷൻ പ്രദേശങ്ങളിൽ പതിനഞ്ച് സെന്റും ഉള്ളവർക്കാണ് ഈ സംവരണം ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഹൗസ്പ്ലോട്ടുകളിൽ നിബന്ധനകൾ ഇല്ല. ഇനി ഗ്രാമപഞ്ചായത്തിലും കോർപ്പറേഷനിലും മുൻസിപ്പലിറ്റിയിലും സ്ഥലമുണ്ടെങ്കിൽ നേരത്തെപ്പറഞ്ഞ പരിധിയിൽ കവിയാതെ പഞ്ചായത്തിലടക്കം ആകെ ഭൂസ്വത്ത് രണ്ടരയേക്കറിൽ കവിയാൻ പാടില്ല

കേരളത്തിൽ ഒരേക്കർ റബർ കൃഷിയിൽ നിന്നുള്ള വരുമാനം മുപ്പതിനായിരത്തോളം രൂപയും ഒരേക്കർ നെൽക്കൃഷിയിൽ നിന്നുള്ള വരുമാനം ഏകദേശം ഒരു ലക്ഷത്തോളം രൂപയുമാണെന്നത് നിലവിൽ സംവരണമില്ലാത്ത വിഭാഗത്തിലെ പാവപ്പെട്ടവൻ എത്ര മാത്രം പിന്നോക്കാവസ്ഥയിലാണെന്നതിന്റെ നേർസാക്ഷ്യമാണ്.

എങ്ങിനെയാണ് EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ?എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

സംസ്ഥാനസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് നൽകുന്നത് വില്ലേജ് ഓഫീസറും കേന്ദ്രസർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ് വഴി തഹസിൽദാരുമാണ്‌ നൽകുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ഭൂസ്വത്തിന്റെയും കുടുംബവരുമാനത്തിന്റെയും മറ്റും വിവരങ്ങളടങ്ങിയ സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ അർഹമായ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ നൽകുന്നില്ലെങ്കിൽ തഹസിൽദാർക്കും അഥവാ തഹസിൽദാർ നൽകുന്നില്ലെങ്കിൽ ആർ ഡി ഒക്കും അപ്പീലുകൾ നൽകാവുന്നതാണ്.

ഈ സംവരണാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. SC/ ST, OBC സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഒന്നും തന്നെ കവർന്നെടുത്തിട്ടല്ല EWS സംവരണം നടപ്പിലാക്കിയിരിക്കുന്നത്. അവർക്കുള്ള 50% റിസർവേഷൻ നിലനിർത്തിക്കൊണ്ട് തന്നെയാണ് 10% EWS റിസർവേഷൻ കൊണ്ടു വന്നിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ EWS സംവരണം ലഭ്യമാക്കുന്നതിന് ആവശ്യമായ കുടുംബവാർഷിക വരുമാന പരിധി 4 ലക്ഷം രൂപയാണെങ്കിൽ OBC റിസർവേഷന് ഇത് 8 ലക്ഷം രൂപയാണ്. അതായത് ഇരട്ടിയോളം തുകയുടെ വ്യത്യാസം :
എന്നാൽ ഇതിനേക്കാൾ വലിയൊരു വൈരുദ്ധ്യം എന്നത് OBCകാർക്കുള്ള Non Creamy Layerന്റെ വരുമാനപരിധിയായ 8 ലക്ഷം രൂപയിൽ ശമ്പളവരുമാനം ഉൾപ്പെടുത്തിയിട്ടില്ല എന്നാൽ EWSന്റെ 4 ലക്ഷം എന്നതിൽ ശമ്പളവരുമാനം ഉൾപ്പെടുന്നു.

ഇങ്ങനെ വരുമ്പോൾ ഉയർന്ന ശമ്പളം ലഭിക്കുന്ന *OBC വിഭാഗത്തിൽ പെട്ട ഡെപ്യൂട്ടി കളക്ടറിന്റെ മക്കൾക്ക് OBC റിസർവേഷൻ ലഭിക്കുമ്പോൾ തുച്ഛമായ വേതനം വാങ്ങുന്ന ഒരു പ്യൂണിന്റെ മക്കൾക്ക് EWS റിസർവേഷൻ ലഭിക്കാതെ വരും.

കൂടാതെ ഉദ്യോഗസംവരണവ്യവസ്‌ഥയിൽ EWS കാറ്റഗറിയിൽ അപേക്ഷകൻ ഇല്ലെങ്കിൽ ജനറൽ കാറ്റഗറിയിൽ നിന്നും നികത്തും എന്നാണ് ഉത്തരവ്. എന്നാൽ SC/ST,OBC പോസ്റ്റുകൾ ഇങ്ങനെ സാധിക്കില്ല. ആ പോസ്റ്റുകൾ വീണ്ടും പരസ്യം ചെയ്ത് അതത് കാറ്റഗറിയിലെ ആളുകൾക്ക് മാത്രമേ നൽകുവാൻ പാടുകയുള്ളൂ. ഇത് രണ്ടു സംവരണ തത്വങ്ങൾ തമ്മിലുള്ള വലിയ വ്യത്യസമാണ്.

ഇനി EWS ക്വാട്ടയിൽ കുറഞ്ഞ റാങ്കുകാർക്ക് അഡ്മിഷൻ കിട്ടുന്നുണ്ട് എന്ന ആക്ഷേപമുണ്ട്. അത് സൂചിപ്പിക്കുന്നത് EWS വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥയെയാണ്. OBC വിഭാഗങ്ങളെക്കാൾ വളരെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തിലേക്കും ഭൗതിക നിലവാരത്തിലേക്കും സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവർ താണുപോയന്നതിന്റെ പ്രകടമായ സൂചനയാണ് ഇത്. അതുകൊണ്ടുതന്നെ അവരെ ഉയർത്തി കൊണ്ടുവരേണ്ടതിന് EWS സംവരണം വളരെ അനിവാര്യമാണ് എന്ന് വ്യക്തമാകുന്നു. OBC യിലും താഴ്ന്ന റാങ്കാണ് EWS കാർക്ക് ഉള്ളത് എന്നത് EWS സംവരണം നടപ്പിലാക്കിയ തീരുമാനത്തെ സാധൂകരിക്കുന്നു.
വില്ലേജ് ഓഫിസിലേക്ക് അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷ .
2. റേഷൻകാർഡിന്റെ കോപ്പി
3. എസ് എസ് എൽ സി ബുക്കിന്റെ കോപ്പി ,CBSE ആണെങ്കിൽ പിതാവിൻ്റെ SSLC സർട്ടിഫിക്കറ്റ്(ജാതി തെളിയിക്കുവാൻ)
4. വരുമാനം തെളിയിക്കുന്നതിന് താഴെ പറയുന്നവയിൽ ബാധകമായത് മാത്രം –
a. പേ സ്ലിപ് / ശമ്പളസർട്ടിഫിക്കറ്റ്
b. പെൻഷൻ ബുക്ക് / പെൻഷൻ വാങ്ങുന്ന ബാങ്ക് പാസ് ബുക്ക്
c. ബാങ്ക് സ്റ്റേറ്റ്മെൻറ്
d. IT റിട്ടേൺ സ്റ്റെയ്റ്റ്മെൻ്റ്
7. ഭൂനികുതി അടച്ച രശീതി (കുടുംബാംഗങ്ങളുടെപേരിലുള്ള എല്ലാ സ്ഥലങ്ങളുടെയും )
എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.

മേൽപറഞ്ഞ എല്ലാറ്റിന്റെയും കോപ്പി അപേക്ഷയോടൊപ്പവും ഒറിജിനൽ കയ്യിലും കരുതണം.

സർക്കാർ ജോലിക്കോ , വിദ്യാർത്ഥി പ്രവേശനത്തിനോ അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊ’പ്പം തന്നെ EWS സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്ത് ആവശ്യത്തിന് വേണ്ടിയാണ് എന്നത് അപേക്ഷയോടൊപ്പം എഴുതിച്ചേർക്കേണ്ടതാണ് (ഉദാ: സംസ്ഥാനത്തിനകത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്, സംസ്ഥാനത്തിന് പുറത്തെ ജോലിക്ക് /വിദ്യാഭ്യാസ ആവശ്യത്തിന്).

ഇങ്ങനെ ഒരു സാമ്പത്തികവർഷത്തിനകത്ത് എടുത്ത സർട്ടിഫിക്കറ്റ് ആ സാമ്പത്തിക വർഷത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം