🗞🏵 *മയക്കുമരുന്നും ലഹരിപദാർഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബിൽ ലോക്‌സഭ പാസാക്കി.* നിർണായകവിഷയങ്ങളിൽ കേന്ദ്രസർക്കാർ അമിതമായി ഓർഡിനൻസ് മാർഗം സ്വീകരിക്കുന്നതിനെ വിമർശിച്ച പ്രതിപക്ഷം, ക്രിമിനൽശിക്ഷയ്ക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. അനധികൃത മയക്കുമരുന്ന് ഇടപാടുകൾക്ക് പണം നൽകുക, ഇടപാടിൽ ഉൾപ്പെട്ടവരെ രക്ഷിക്കുക എന്നിവ ക്രിമിനൽ കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് കുറഞ്ഞത് 10 വർഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ഏർപ്പെടുത്താം.

🗞🏵 *കേരളത്തിൽ പെട്ടന്നുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.* പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിൽ മുൻപ് സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരങ്ങളാണ് ഓരോ ദിവസം സർക്കാർ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയത്. പെട്ടന്നുണ്ടായ ഈ വർധനവിന്റെ കാരണവും ഇതിന്റെ വിശ്വാസ്യതയും പരിശോധിക്കാനാണ് കേന്ദ്ര സംഘം കേരളത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് തീരുമാനം.

🗞🏵 *ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഈ ആഴ്ച രണ്ടുദിവസം പണിമുടക്കുന്നു.* 16നും 17നുമാണ് ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ എടിഎം അടക്കമുള്ള സേവനങ്ങളെ പണിമുടക്ക് ബാധിച്ചേക്കാം.

🗞🏵 *കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.* വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് അറിയിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

🗞🏵 *വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി.* വിവാഹ വേളയിൽ വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. വിവാഹസമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെ തിരികെ നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
 
🗞🏵 *കോഴിക്കോട് പോക്‌സോ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി.* ചെറുവണ്ണൂർ ആവളമലയിൽ ജമാലുദ്ദീനാണ് കോഴിക്കോട് പോക്‌സോ കോടതിയിൽ കീഴടങ്ങയത്. പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ബാലുശ്ശേരി പോലീസാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 

🗞🏵 *ചന്ദ്രിക സാമ്പത്തിക ക്രമക്കേട് കേസില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി.എം. അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തു.* കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. 2020ല്‍ നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അബ്ദുള്‍ സമീറിനെ അറസ്റ്റ് ചെയ്തത്. 2017 മുതല്‍ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പി.എഫ് വിഹിതമാണ് അടയ്ക്കാത്തത്. പിഴയും പിഴ പലിശയുമായി ഏകദേശം നാല് കോടിയോളം രൂപയാണ് അടയ്ക്കാനുള്ളത്.
 
🗞🏵 *വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ ലീഗിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ.* വിഷയത്തിൽ കൂടുതല്‍ കോലാഹലങ്ങള്‍ നടത്തേണ്ടതില്ലെന്ന് ലീഗ് സമരങ്ങളെ പരോക്ഷമായി വിമർശിച്ച് കാന്തപുരം പറഞ്ഞു.വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നല്‍കിട്ടുണ്ടെന്ന് വീണ്ടും സര്‍ക്കാരിനെ പിന്തുണച്ച് അദ്ദേഹം വ്യക്തമാക്കി.
 
🗞🏵 *വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.* ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നതയെന്നും റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷൻ മാറ്റം വരുത്താൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

🗞🏵 *സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക്​ പോ​സ്​​റ്റി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്കൾ എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ.* ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യുവാക്കളാണ് അ​റ​സ്​​റ്റിലായത്.ആ​ല​പ്പു​ഴ നീ​ലം​പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ കാ​ക്ക​നാ​ന്ത​റ വീ​ട്ടി​ൽ സൂ​ര​ജ് ച​ന്ദ്ര​ൻ (20), കാ​വും​ഗ്രാ​ക്ക​ൽ ശ്യാം (21) ​എ​ന്നി​വ​രാ​ണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇ​വ​രു​ടെ പ​ക്ക​ൽ ​നി​ന്ന്​ 4.150 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു

🗞🏵 *കേരള പോലീസിനുവേണ്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനുള്ള കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്.* ചൊവ്വാഴ്​ച തുറന്ന ബിഡിൽ കുറഞ്ഞ തുക ​ക്വാട്ട്​ ചെയ്​ത ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അനിൽകാന്ത്​ അധ്യക്ഷനായ ടെൻഡർ കമ്മിറ്റി സർക്കാറിനോട്​ ശിപാ‍ർശ ചെയ്യും. വിഷയം മന്ത്രിസഭയോഗത്തിൽ ചർച്ചചെയ്യും. ഇക്കാര്യത്തിൽ സർക്കാരിന്റേതാണ് അന്തിമ തീരുമാനം.

🗞🏵 *രാത്രിസമയം ഡാം തുറന്നത് കേരളത്തെ കൃത്യമായി അറിയിച്ചാണെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ.* കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയ്‌ക്ക് മറുപടി നൽകിയ തമിഴ്‌നാട് കേരളത്തിന്റെ ആരോപണങ്ളെയെല്ലാം നിഷേധിച്ചു.

🗞🏵 *വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസ് അറിയിച്ചപ്പോൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം.* കണ്ണൂർ മക്കാനിയിലാണ് ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ റാസിക്ക് (70)ആണ് മരിച്ചത്. വീട്ടില്‍ ആളുകള്‍ ഉണ്ടായിട്ടും വിവരം പുറത്തറിഞ്ഞില്ല. ഇദ്ദേഹം കിടപ്പ് രോഗിയായിരുന്നു. മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കട്ടിലില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പരിക്കേറ്റിട്ടുമുണ്ട്.

🗞🏵 *പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊന്ന ഭാര്യയെ പോലീസ് പിടികൂടി.* ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെ കോട്ടയം മണർകാട് പള്ളി പരിസരത്ത് നിന്നും ആണ് റോസന്നയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കോട്ടയം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ആണ് റോസന്നയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഭർത്താവ് സിജിയെ വീട്ടിനുള്ളിൽ വച്ച് വെട്ടിക്കൊന്ന ശേഷം യുവതി ആറു വയസ്സുള്ള മകനുമായി വീടുവിട്ട് പോകുകയായിരുന്നു.

🗞🏵 *വീട്ടിൽ അതിക്രമിച്ച് കയറി നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.* തോമാട്ടുചാല്‍ വാളശേരിയില്‍ രഘുനാഥ് (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നാലം​ഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.തലക്ക് ​ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വാക്ക് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നി​ഗമനം..

🗞🏵 *പാകിസ്ഥാനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു.* കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈനിക നീക്കത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് അബു സറാറി കൊല്ലപ്പെട്ടതെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലൊരു സിനിമാ ആസ്വാദകനാണെന്നും എല്ലാ സിനിമകളും അദ്ദേഹം കാണാറുണ്ടെന്നും മരുമകനും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്.* കാണുന്ന സിനിമകളെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഹമ്മദ് റിയാസ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

🗞🏵 *ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്​, റേഷൻ കാർഡുകൾ എന്നിവ ഉടൻ വിതരണം ചെയ്യാൻ സുപ്രീംകോടതി നിർദേശം നൽകി.* തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കണമെന്ന്​ കോടതി പറഞ്ഞു. റേഷൻ കാർഡില്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത്​ തുടരണമെന്നും അഭിപ്രായപ്പെട്ടു.
 
🗞🏵 *നിർമ്മിത ബുദ്ധി, റോബോട്ടിക്സ് മുതലായവ സാങ്കേതിക യുദ്ധമുറയുടെ ഭാഗമാക്കുമെന്ന് ഡി.ആർ.ഡി.ഒ നവീകരണത്തെ പറ്റി രാജ്നാഥ് സിംഗ്.* പ്രതിരോധ ഗവേഷണ വിഭാഗത്തിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *ഗുജറാത്തിലെ സൂറത്തില്‍ ‘പാകിസ്ഥാൻ ഫുഡ്​ ഫെസ്റ്റിവല്‍’ നടത്തുമെന്ന തീരുമാനം പിൻവലിച്ച് ഹോട്ടലുടമ.* സ്ഥലത്ത് ‘പാകിസ്ഥാൻ അനുകൂല ഭക്ഷ്യമേള’ നടത്തുന്നതിനെതിരെ ബജ്റംഗ് ദൾ രംഗത്ത് വന്നിരുന്നു. പ്രദേശവാസികളിൽ നിന്ന് പോലും എതിർപ്പ് ഉണ്ടായതോടെയാണ് താൻ ‘പാകിസ്ഥാൻ ഫുഡ്​ ഫെസ്റ്റിവല്‍’ നടത്തുന്നില്ലെന്ന് ഹോട്ടലുടമ തീരുമാനിച്ചത്. സൂറത്തിലെ ടേസ്റ്റ് ഓഫ് ഇന്ത്യയുടെ ഉടമ സന്ദീപ് ദവർ ആണ് സംഭവത്തിൽ ക്ഷമാപണം നടത്തി രംഗത്ത് വന്നത്.

🗞🏵 *മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വൻവിജയം നേടി ബിജെപി.* ശിവസേനയും കോൺഗ്രസ്സും എൻ.സി.പിയും ചേർന്ന മഹാവികാസ് അഘാഡി സഖ്യത്തിനെതിരെയാണ് ബി.ജെ.പി പോരാടിയത്. ആറിൽ നാലു സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. നാഗ്പ്പൂർ, അകോലാ, ബുൽധാന, വാഷിം എന്നീ സീറ്റുകളാണ് ശിവസേനയിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തത്.

🗞🏵 *മൂന്ന് വിവാഹം കഴിച്ചിട്ടും മക്കളില്ലാത്തതിനെ തുടര്‍ന്ന് നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍.* ജയകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. രാധാകൃഷ്ണനാണ് (40) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റിലായി. വിവാഹത്തിന് കൂട്ടുനിന്ന രാധാകൃഷ്ണന്റെ അമ്മ രുക്മിണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

🗞🏵 *ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.* സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെറും അപകടമല്ല നടന്നതെന്നും അറിഞ്ഞു കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
🗞🏵 *ശ്രീനഗര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദാണ് ജമ്മു കശ്മീര്‍ പോലീസ്.* ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പോലീസ് ബസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യു വരിച്ചു.

🗞🏵 *സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് കൈമാറി.* നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
 
🗞🏵 *ഇന്ത്യയിലെ 65 മില്യൺ ചെറുകിട വൻകിട സംരംഭങ്ങൾ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യവസായമന്ത്രി പിയൂഷ് ഗോയൽ.* രാജ്യത്തെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ അധികം വൈകാതെ ഇവയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വെച്ച് പിടിപ്പിക്കുന്നു.* ഇദ്ദേഹത്തിന് വെച്ച് പിടിപ്പിക്കാനുള്ള സ്‌കിൻ ഗ്രാഫ്റ്റ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്‌കിൻ ബാങ്ക് ആണ് കൈമാറിയത്. നിലവിൽ വ്യോമസേന കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപെട്ട ഏക വ്യക്തിയാണ് വരുൺ സിങ്.

🗞🏵 *ഔറംഗസീബിനെതിരെ മോദി. വാള്‍ ഉപയോഗിച്ച് നാഗരികതയെ മാറ്റാനും സംസ്‌കാരത്തെ തകര്‍ക്കാനും ഔറംഗസേബ്‌ ശ്രമിച്ചു.* എന്നാല്‍ ലോകത്തെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ രാജ്യത്തെ മണ്ണ്. ഇവിടെ ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയര്‍ന്നുവരും. ഒരു സലാര്‍ മസൂദ് മുന്നോട്ടുവന്നാല്‍ രാജ സുഖല്‍ദേവിനെ പോലുള്ള യോദ്ധാക്കള്‍ നമ്മുടെ ഐക്യത്തിന്റെ ശക്തി അവരെ ബോധ്യപ്പെടുത്തും’, പ്രധാനമന്ത്രി പറഞ്ഞു.

🗞🏵 *പ്രതിരോധ മേഖല പൂർണ്ണമായും സ്വയം പര്യാപ്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.* ‘ആത്മനിർഭരത’ കൈവരിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ഈ നേട്ടം വളരെ മുൻപേ കൈവരിക്കേണ്ടിയിരുന്നതാണ്. പക്ഷേ, നിക്ഷേപം, നവീകരണം, ഗവേഷണം, വികസനം എന്നിവയുടെ കുറവു കൊണ്ടാണ് ഇത്രയും വൈകിയതെന്നു പറഞ്ഞ രാജ്നാഥ് സിംഗ്, ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ഇതിനു വേണ്ട പരിശ്രമങ്ങൾ എടുക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

🗞🏵 *ക്രിസ്മസ് ആഘോഷിക്കാൻ കൂറ്റൻ നക്ഷത്രം നിർമ്മിച്ച് ആസാം റൈഫിൾസ്.* മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലാണ് ഈ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. ‘സ്റ്റാർ ഓഫ് ബത്‌ലഹേം’ എന്നാണ് ഈ ഭീമൻ നക്ഷത്രത്തിന് പേര് നൽകിയിരിക്കുന്നത്. നിരവധി ആൾക്കാരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ നക്ഷത്രമായ സ്റ്റാർ ഓഫ് ബത്ലഹേം കാണാനെത്തുന്നത്.ചുവന്ന നിറത്തിൽ നിർമ്മിച്ചിരിക്കുന്ന നക്ഷത്രത്തിന് 47 അടി ഉയരമുണ്ട്. 23 സെക്ടർ ആസാം റൈഫിൾസിലെ ലുൻഗ്ലൈ ബറ്റാലിയൻ ആണ് നക്ഷത്രം നിർമിക്കാൻ മുൻകൈയെടുത്തത്.

🗞🏵 *എഞ്ചിൻ തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ ഒഴുകി നടന്ന തമിഴ്നാട് ബോട്ടും മത്സ്യതൊഴിലാളികളേയും രക്ഷപ്പെടുത്തി.* മറൈൻ എൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്.മൂന്ന് ദിവസമായി ഉൾക്കടലിൽ എൻജിൻ തകരാർ മൂലം ഭക്ഷണവും, വെള്ളവുമില്ലാതെ ഒഴുകിനടക്കുകയാരിരുന്ന പുനിത അന്തോണിയാർ എന്ന തമ്മിൽനാട് ബോട്ടിനെയും അതിൽ ഉണ്ടായിരുന്ന 8 തൊഴിലാളികളെയും ഇന്നലെ രാത്രി മുതൽ തുടങ്ങിയ തിരച്ചിലിനോടുവിൽ 23നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നിന്ന് മറൈൻ എൻഫോസ്‌മെന്റ് രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
 
🗞🏵 *ഒരാഴ്ച മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ ഒൻഡോ രൂപതയിലെ വൈദികന്‍ മോചിതനായി.* ഫാ. ജോസഫ് അജായി എന്ന വൈദികനാണ് തടങ്കല്‍ വാസത്തിന് ശേഷം മോചിക്കപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ ആറിന് എകിറ്റി സ്റ്റേറ്റിലെ നഗരമായ ഇകെരെയിൽ നിന്ന് സെന്റ് പീറ്റർ ക്ലാവർ ഇടവകയിലേക്ക് മടങ്ങുന്നതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. നാല്‍പ്പത്തിയൊന്‍പതു വയസ്സുള്ള വൈദികന്റെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവർ 20 മില്യൺ നൈറ (48,650.00 യുഎസ് ഡോളർ) ആവശ്യപ്പെട്ടതായി നൈജീരിയൻ മാധ്യമമായ ‘ഡെയ്‌ലി പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരിന്നു. എന്നാല്‍ വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്നതുൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

🗞🏵 *കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം.* ‘ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്ക്കാരത്തിന് അര്‍ഹയായത്. താന്‍ ഈ ബഹുമതിക്ക് അര്‍ഹയാണോ എന്ന് തനിക്ക് അറിയില്ലെന്നായിരിന്നു പുരസ്ക്കാര സ്വീകരണത്തിന് ശേഷം സിസ്റ്റര്‍ ബെറ്റ്സിയുടെ പ്രതികരണം.
 
🗞🏵 *ആഗോള സമൂഹം ക്രിസ്തുമസിനോട് അടുക്കുന്ന ഈ ദിവസങ്ങളില്‍ നമ്മുക്ക് എന്തുചെയ്യാമെന്ന വിഷയത്തില്‍ വിശദീകരണവുമായി ഫ്രാന്‍സിസ് പാപ്പ.* ഇക്കഴിഞ്ഞ ഡിസംബർ 12 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലപ്രാർത്ഥനയോടൊപ്പം നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ക്രിസ്തുമസിനോട് നാം അടുത്തിരിക്കുന്ന ഈ ദിവസങ്ങളിൽ എന്താണ് എനിക്ക് പ്രത്യക്ഷമായി ചെയ്യാൻ സാധിക്കുക? ഞാൻ എങ്ങനെയാണ് എന്റെ ഭാഗം ചെയ്യുന്നത്? ചെറുതെങ്കിലും, നമ്മുടെ ജീവിതസാഹചര്യത്തോട് പൊരുത്തപ്പെടുന്ന വ്യക്തമായ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കണം. ഈ ക്രിസ്തുമസിനായി നമ്മെത്തന്നെ ഒരുക്കുവാനായി പ്രവർത്തികമാക്കാമെന്ന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.

🗞🏵 *ആരോഗ്യവകുപ്പിന്റെ ചുമതല കത്തോലിക്ക വൈദികനായ ഫാ. നിക്കനോർ ഓസ്ട്രിയാക്കോയ്ക്ക് നൽകാമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ വീഡിയോ കോണ്‍ഫറന്‍സിനിടെ വാഗ്ദാനം ചെയ്തു.* രണ്ടുവർഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇപ്പോഴത്തെ ആരോഗ്യ സെക്രട്ടറി ഫ്രാൻസിസ്കോ ഡ്യൂക്ക് അടുത്തിടെ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. താല്പര്യമുണ്ടെങ്കിൽ ഫാ. നിക്കനോറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിക്കുന്നതിൽ തനിക്കും, മറ്റുള്ളവർക്കും സന്തോഷമേയുള്ളൂവെന്ന് റോഡ്രിഗോ ഡ്യുട്ടെർട്ടെ നിക്കനോറിനോട് പത്രസമ്മേളനത്തിനിടെ പറഞ്ഞു.

🗞🏵 *പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മെക്സിക്കോ സിറ്റിയിലെ ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയില്‍ ദൈവമാതാവിന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയത് ലക്ഷങ്ങള്‍.* ഇക്കഴിഞ്ഞ ഡിസംബര്‍ 12-നായിരുന്നു ഗ്വാഡലുപ്പ തിരുനാള്‍. ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ തിരുനാള്‍ ദിനമായ ഡിസംബര്‍ 12 രാവിലെ 9 വരെ ഏതാണ്ട് 9,29,000-ല്‍ അധികം തീര്‍ത്ഥാടകരേയാണ് ബസിലിക്ക വരവേറ്റതെന്നു മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതാണ് ഇക്കൊല്ലത്തെ തിരുനാളിലെ വന്‍ ജനപങ്കാളിത്തത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നത്.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
അവന്റെ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട്‌ അവനെ വിളിക്കാന്‍ ആളയച്ചു.
ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു.
അവന്‍ ചോദിച്ചു: ആരാണ്‌ എന്റെ അമ്മയും സഹോദരങ്ങളും?
ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും!
ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.
മര്‍ക്കോസ്‌ 3 : 31-35
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
പിതാവിൻ്റെ ഹിതം നിർവഹിക്കുകയെന്നതാണ് ഈശോയുടെ കടമ. ഈശോ തൻ്റെ ജീവിതത്തിൽ നിരന്തരം ഈ കടമ നിർവ്വഹിച്ചിരുന്നു. അവിടന്ന് നമ്മോടും പിതാവിൻ്റെ ഹിതം കണ്ടെത്താനും അത് നിർവഹിക്കാനും ആവശ്യപ്പെടുന്നു. പരി.അമ്മ തൻ്റെ ജീവിതത്തിൽ നിരന്തരം ദൈവഹിതം അന്വേഷിക്കുകയും അത് നിറവേറ്റുകയും ചെയ്തിരുന്നു. ഇതുപോലെ നിരന്തരം ദൈവഹിതം അന്വേഷിക്കാനും അമ്മയുടെ മാതൃക ഉൾകൊള്ളാനും നമുക്ക് പരിശ്രമിക്കാം
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*