വലിയ മാര്‍ ദിവന്നാസ്യോസ് മെത്രാപോലീത്തായുടെ (ആറാം മാര്തോമ) കാലത്ത് ടിപ്പുസുല്ത്താന്റെ പടനായകന്മാര്‍ ചാവക്കാട്ടേക്കും ഗുരുവായൂര്ക്കും പോകുന്ന വഴി ആര്ത്താറ്റ് ഓര്‍ത്തഡോക്സ്‌ പള്ളിക്കും വടക്കെ പടപ്പുര മാളികയ്ക്കും (അന്നത്തെ കവാടം, ഇന്നത്തെ ശവക്കോട്ടയിലേക്കു കടക്കുന്ന പടിയുടെ മീതെയായിരുന്നു മാളിക) അവിടെ നിന്ന് വടക്കോട്ടു നീണ്ടു കിടന്നിരുന്ന അങ്ങാടിക്കും തീ വെച്ചു. 1825 വര്ഷത്തില് രചിച്ച ആര്ത്താറ്റു പള്ളിപാട്ടില് ഇപ്രകാരം പറയുന്നു.

ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും

പുലിക്കോട്ടില്‍ യൌസേഫ് കത്താനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്ത്താറ്റ് പള്ളി വികാരി. ടിപ്പുസുല്ത്താന്റെ പടനായകന്മാര് ആര്ത്താറ്റ് പള്ളി തീ വെച്ചു നശിപ്പിച്ച കൃത്യമായ തിയ്യതി അറിവില്ലെങ്കിലും 1789 ല് ആണ് ടിപ്പുസുല്ത്താന് കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തില് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബര് മാസത്തില് കൊച്ചി രാജ്യത്തു കടന്നു. …………… ഡിസംബര്‍ മാസം 14 തിയ്യതി സുല്ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില് കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു. …………. (കെ.പി. പത്പനാഭമേനോന്‍, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569) ഇതില് നിന്നും ഡിസംബര്‍ മാസം 14ാം തിയ്യതിക്കും 24-ാം തിയ്യതിക്കും ഇടയ്ക്കായിരിക്കണം സംഭവിച്ചിരിക്കുക എന്ന് അനുമാനിക്കാം.

വിഭജിയ്ക്കപ്പെട്ട വിശുദ്ധ മദ്ബഹ…..

മുഹമ്മദീയ വിശ്വാസത്തിലേക്ക് ചേരാന്‍ വിസമ്മദിച്ച നിരവധി ക്രിസ്ത്യാനികളെ പടയാളികള്‍ പലതരത്തില്‍ കൊന്നെടുക്കുകയും ചെയ്തു. ടിപ്പുവിന്റെ പടയാളികള് പള്ളി ആക്രമിക്കുമെന്ന് ഉറപ്പായപ്പോള്‍ വിശുദ്ധ ത്രോണോസില്‍ സൂക്ഷിച്ചിരുന്ന വി. കുര്ബാന(വി. അപ്പം) പടയാളികളാല്‍ നശിപ്പിക്കപ്പെടാതിരിക്കാനായി അന്നത്തെ ബഹു. വൈദികന് വി. മദ്ബഹായില്‍ പ്രവേശിച്ച് അത് ഭക്ഷിച്ചു. പള്ളിയില് പ്രവേശിച്ച പടയാളികള് വി. മദ്ബായില് നിന്നും മടങ്ങുകയായിരുന്ന ബഹു. വൈദീകനെ വധിക്കുകയും ചെയ്തു. രക്തംവീണ സ്ഥലം ദിവ്യബലി നടത്തുവാന്‍ ഉപയുക്തമല്ലെന്ന് മതപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുകയും അതിനാല്‍ ആ വന്ദ്യപുരോഹിതന് രക്തസാക്ഷിത്വം വരിച്ച സ്ഥലം മുതല് വി. മദ്ബഹ ഛേദിച്ചു ‍കളഞ്ഞു. രക്തസാക്ഷിത്വം വരിച്ച സ്ഥലം ഇപ്പോഴത്തെ മദ്ബഹായുടെ മുമ്പില്‍ വൃത്താകൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. വി. മദ്ബഹായുടെ പഴയ നീളം 29.3 അടി ആയിരുന്നു അതില്‍ നിന്ന് 9.11 അടി ഛേദിച്ചുകളഞ്ഞു. ഇപ്പോഴത്തെ നീളം 19.4 അടിയാണ്.

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്മ്മ വൃശ്ചികം 2 ാം തിയ്യതി ആര്ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള് അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര് വ്വീകര് നിശ്ചയിച്ചു. അത് ഇന്നും തുടര്ന്നു വരുന്നു. അന്നേ ദിവസം വി. കുര്ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു.