ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ ജസ്റ്റിസ് മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അംഗങ്ങള്‍. ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് കഴിഞ്ഞ ആഴ്ച എസ് എ ബോബ്‌ഡെ വ്യക്തമാക്കിയിരുന്നു.

ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനമാനമാകും വെള്ളിയാഴ്ച കോടതി വ്യക്തമാക്കുക.സുരക്ഷ ഉറപ്പാക്കാന്‍ കേരള പൊലീസ് തയ്യാറാകുന്നില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പട്ടികയില്‍ ബിന്ദു അമ്മിണിയുടെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല.