ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഒന്നാം ദിനം പ്രൗഢഗംഭീരമായി പൂര്‍ത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളില്‍ രണ്ടാംദിനമായ ചൊവ്വാഴ്ച നിര്‍ണായകമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന. ഡല്‍ഹിയിലെത്തിയ ട്രംപിനും കുടുംബത്തിനും രാഷ്ട്രപതി ഭവനിലെ സ്വീകരണം നല്‍കുന്നതോടെയാണ് രണ്ടാം ദിനത്തിലെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാവുക.
പതിനൊന്ന് മണിയോടെ നിര്‍ണായകമായ ട്രംപ്-മോദി കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസില്‍ നടക്കും. ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കും. ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വിവിധ കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാഷ്ട്രനേതാക്കളും ഒപ്പുവെക്കും.22,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും അമേരിക്കയും ചൊവ്വാഴ്ച ഒപ്പുവെക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന ‘നമസ്‌തേ ട്രംപ്’ പരിപാടിയില്‍ പറഞ്ഞിരുന്നു. 24 സീ ഹോക്ക് ഹെലികോപ്റ്ററുകളും ആധുനിക പ്രതിരോധ സാമഗ്രികളും യു.എസ്. കമ്ബനികളില്‍ നിന്ന് വാങ്ങാനുള്ള കരാറാണിത്. ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന വമ്ബന്‍ വ്യാപാര ഇടപാടിനായി ഭാവിയില്‍ ധാരണയുണ്ടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മോദിക്കൊപ്പം ഉച്ചഭക്ഷണം.
ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാര്‍ത്ത സമ്മേളനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്ന് നല്‍കും.ഈ പരിപാടിയില്‍ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജന്‍ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും
വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.