പെസഹാദിനങ്ങളുടെ തിരുക്കർമ്മങ്ങൾ ഈശോയുടെ പീഡാനുഭവ സംഭവങ്ങൾ നടന്ന സ്ഥലത്തോടും സമയത്തോടും ബന്ധപ്പെടുത്തിയാണ് ആദിമ കാലഘട്ടം മുതൽക്കേ വിവിധ സഭാപാരമ്പര്യങ്ങളിൽ ആചരിച്ചുവരുന്നത്. ക്രിസ്തുമതത്തിനു സ്വാതന്ത്യം ലഭിച്ചതിനുശേഷം രക്ഷാരഹസ്യങ്ങൾ അരങ്ങേറിയ വിശുദ്ധനാട്ടിൽ ദേവാലയങ്ങൾ ഉയർന്നുവരുകയും അതുമായി ബന്ധപ്പെട്ട Stational Liturgy രൂപപ്പെടുകയും ചെയ്തു. തീർത്ഥാടക സന്യാസിനിയായ എജേറിയയുടെ “വിശുദ്ധനാട് യാത്രാവിവരണം” (Itinerarium 381-384) നാലാം നൂറ്റാണ്ടിലെ ജെറുസലേം പീഡാനുഭവആഴ്ച കർമ്മങ്ങളെക്കുറിച്ചുള്ള ദൃക്‌സാക്ഷിവിവരണമാണ്. ജെറുസലേമിലും പരിസരങ്ങളിലുമുള്ള പൗരസ്ത്യസഭകളിൽ സ്വാഭാവികമായും ദൂരെയുള്ള പാശ്ചാത്യസഭയിൽ ഇടമുറിയാതെയുള്ള തീർത്ഥാടകർവഴിയും ജെറുസലേം പീഡാനുഭവ കർമ്മങ്ങളുടെ സ്വാധീനം ഉണ്ടായി. അങ്ങനെ എല്ലാ സഭകളിലും ചരിത്രസംഭവങ്ങളായ ഈശോയുടെ അന്ത്യത്താഴവും പീഡാനുഭവവുമെല്ലാം ഉച്ചകഴിഞ്ഞും ഉയിർപ്പുജാഗരണവും ഉയിർപ്പും വലിയ ശനിയാഴ്ച രാത്രിയിലും തുടർന്ന് പ്രഭാതയാമങ്ങളിലും നടത്തുന്ന പതിവുണ്ടായി.

എന്നാൽ പാശ്ചാത്യസഭയിൽ മധ്യയുഗങ്ങളിലെ ഇരുണ്ട കാലഘട്ടത്തിൽ ആരാധക്രമങ്ങളുടെമേൽ ഭക്തകൃത്യങ്ങളുടെ കടന്നുകയറ്റമുണ്ടായപ്പോൾ ഈ പ്രധാനകർമ്മങ്ങൾ അവയുടെ ചരിത്രപരമായ സമയത്തു നടത്തുന്ന രീതിക്കു മാറ്റം വരുകയും തൽഫലമായി തിരുവത്താഴവും പീഡാനുഭവകർമ്മങ്ങളും രാത്രിജാഗരണവുംവരെ (ദുഃഖശനി) രാവിലെ നടത്തുവാനും തുടങ്ങി!

എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ പാശ്ചാത്യ സഭയിൽ ആരംഭിച്ച Liturgical Movement സഭയുടെ ആദിമ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനഗവേഷണങ്ങൾ വഴി ലാറ്റിൻ ലിറ്റർജിയിൽ കടന്നുകൂടിയ മാർഗഭ്രംശങ്ങൾ കണ്ടെത്തുകയും Comparative Liturgy യുടെ വെളിച്ചത്തിൽ സഭയുടെ ഉത്തമപാരമ്പര്യങ്ങൾ രംഗത്തു കൊണ്ടുവരുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായി പന്ത്രണ്ടാം പീയൂസ് പാപ്പാ ലാറ്റിൻ വിശുദ്ധവാര കർമ്മങ്ങൾ നവീകരിച്ചു 1951ൽ പരീക്ഷണാർത്ഥവും 1955 നവം 19 നു അന്തിമമായും അംഗീകരിച്ചു നൽകുകയും ചെയ്തു.

അങ്ങനെ പെസഹവ്യാഴം രാവിലെ “ക്രിസം മാസ്സ്,” – മൂറോൻ തൈലം വാഴ്ത്തൽ – വൈകിട്ട് പരി. കുർബാന, ദുഃഖവെള്ളി ഉച്ചകഴിഞ്ഞു പീഡാനുഭവകർമ്മങ്ങൾ എന്നിങ്ങനെ പുനരുദ്ധരിച്ചു. ദുഃഖശനിയാഴ്ചത്തെ പ്രഭാത തിരുക്കർമ്മങ്ങൾ നിർത്തലാക്കി, പകരം ഉയിർപ്പു ജാഗരണം പുനഃസ്ഥാപിച്ചു, ഈസ്റ്റർ “പാസ്കൽ ലാംപ്” തെളിക്കൽ കർമ്മം ആരംഭിച്ചു. പിന്നീട് രണ്ടാം വത്തിക്കാൻ കൗൺസിൽ നവീകരണങ്ങളും ഇതേ സമയക്രമം സ്ഥിരീകരിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള റോമൻ സഭാംഗങ്ങൾ (കേരളത്തിലുൾപ്പെടെ) ഉച്ചകഴിഞ്ഞാണ്‌ പ്രസ്തുത കർമ്മങ്ങൾ നടത്തുന്നത്.

എന്നാൽ പാശ്ചാത്യവത്കരിക്കപ്പെട്ട സീറോ മലബാർ സഭയാകട്ടെ, റോമാ സഭയിൽ 1955 ലും കൗൺസിലിന് ശേഷവും നടപ്പിലാക്കിയ ക്രിയാത്മക നവീകരണങ്ങൾ ഉൾക്കൊണ്ടില്ലെന്നു മാത്രമല്ല, 1970കളിൽ തയ്യാറാക്കിയ വിശുദ്ധവാര കർമ്മങ്ങളിൽപോലും റോമാസഭയിൽ 1955 നു മുൻപു നിലവിലിരുന്ന സമയക്രമവും മറ്റു ചില കർമ്മങ്ങളും അതേപടി തുടരുകയും ചെയ്തു.

2009 ൽ (ഓഗ 6) മാത്രമാണ് നമ്മുടെ പീഡാനുഭവ ആഴ്ച തിരുക്കർമ്മങ്ങൾ പുനരുദ്ധരിച്ചത്. അതിൽ പെസഹാ – വലിയ ശനി വരെയുള്ള തിരുക്കർമ്മ ങ്ങൾ റംശായോടുകൂടി നടേത്തണ്ടതാണെന്നാണ് ഒന്നാമത്തെ നിർദ്ദേശം. എന്നാൽ ആവശ്യമെങ്കിൽ രാവിലെയോ നമസ്കാരത്തോടുകൂടിയല്ലാതെയോ നടത്താനുള്ള ഐച്ഛികവും നൽകിയിരിക്കുന്നു! നമ്മുടെ സഭയയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ഐച്ഛികം.ശരിയായ ആരാധക്രമ രൂപവത്കരണത്തിന്റെ അഭാവത്തിൽ പണ്ടു പരിചയിച്ച രീതികളിൽനിന്നു മാറുവാനുള്ള വിമുഖതയാണ് ഇത്തരം ഐശ്ചികത്തിനു കാരണം.

ബൈസന്റൈൻ പാരമ്പര്യത്തിലെ നോമ്പുകാല, പീഡാനുഭവവാര propers ചേർന്ന Triodion പോലെയോ ഇതര പൗരസ്ത്യസഭകളിലെപ്പോലെ എല്ലാ യാമങ്ങളിലെയും പ്രാർത്ഥനകളും വായനകളും കർമ്മങ്ങളുമടങ്ങിയ ശുശ്രൂഷകൾ പോലെയോ ഉള്ള സമ്പൂർണക്രമം നമുക്ക് ഇന്നു ലഭ്യമല്ല. മാത്രമല്ല, മിനിമം ദേവാലയകർമ്മങ്ങൾക്കു വേണ്ടി യാമ നമസ്കാരങ്ങളില്ലാത്ത ടെക്സ്റ്റുകളും ലഭ്യമാക്കി.

ഫലമോ കേരളത്തിലാണെങ്കിൽ ചുറ്റുമുള്ള മലങ്കര, ലാറ്റിൻ പള്ളികളിൽ ഈ കർമ്മങ്ങൾ പെസഹാ സംഭവങ്ങളുടെ സമയക്രമമനുസരിച്ചു ഉച്ചകഴിഞ്ഞു നടത്തുമ്പോൾ പല സീറോ മലബാർ പള്ളികളിലും രാവിലെതന്നെ നടത്തുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു! പെസഹാവ്യാഴം ദിവ്യകാരുണ്യ ആരാധനയ്‌ക്കും, പെസഹാ അപ്പം തയ്യാറാക്കുന്നതിനും, പീഡാനുഭവ വെള്ളി സ്ലീവാപ്പാതക്കും സൗകര്യമൊരുക്കാനും ഉച്ചകഴിഞ്ഞുള്ള വേനൽമഴ സാധ്യത കണക്കിലെടുത്തും (വേനൽമഴ ഒരു കൂട്ടർക്ക് മാത്രം പ്രശ്നമാകുന്നതെന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല!) ഒക്കെയാണ് പലരും ഈ കർമ്മങ്ങൾ രാവിലെ നടത്തുന്നത്! എന്നാൽ ഭക്തകൃത്യങ്ങൾക്കും, ഗാർഹിക അനുഷ്ടാനങ്ങൾക്കും വേണ്ടി ആരാധക്രമ സമയം ആപേക്ഷികമാക്കുന്നതു ആരോഗ്യകരമായ ആരാധനാക്രമവബോധത്തിന്റെ ലക്ഷണമാണോ എന്നു പലരും ചിന്തിക്കുന്നതേയില്ല. ഭക്തകൃത്യങ്ങളെയെല്ലാം അതിശയിക്കുന്നതാണ്, ആരാധനാക്രമമെന്ന കൗൺസിൽ പ്രബോധനം (SC 13) നാം കൂടുതൽ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു.

ഇത്തരുണത്തിൽ ആണ്ടുവട്ടത്തിലെ ഏറ്റവും തീക്ഷ്ണമായ ആരാധനാ കർമ്മങ്ങൾ അതിന്റെ സമഗ്രതയിൽ – നമസ്കാരങ്ങളും, വായനകളും കർമ്മങ്ങളും നിർദിഷ്ട ജാഗരങ്ങളോടുംകൂടി പുനരുദ്ധരിച്ചു ദൈവജനത്തിനു ലഭ്യമാക്കിയും, തുടർബോധവത്കരണം വഴിയും ഇച്ഛാശക്തിയോടെ നടപ്പിലാക്കിയാൽ മാത്രമേ നമ്മുടെ പീഡാനുഭവവാര തിരുക്കർമ്മങ്ങൾ മറ്റു സഭകളിലെപ്പോലെ ഐക്യരൂപ്യത്തിൽ ആചരിക്കാൻ കഴിയുകയുള്ളൂ.

പെസഹാ ആശംസകളോടെ,

റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ