ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. വരുമാനമില്ലാത്തവർക്ക് പ്രതിവർഷം 72,000 രൂപ ലഭ്യമാക്കുന്ന “ന്യായ്’ അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകർക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രകടന പത്രികയാണ് പാർട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്.
കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് ഉടൻ തൊഴിലവസരം തുടങ്ങിയവയടക്കമുള്ള വാഗ്ദാനങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുന്നു. “ഞങ്ങള്‍ നടപ്പിലാക്കും’ എന്ന ടാഗ് ലൈനോടുകൂടിയാണ് മാനിഫെസ്റ്റോ പുറത്തിറക്കിയിരിക്കുന്നത്.
ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുമെന്നും കര്‍ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
“ഗബ്ബര്‍സിങ് ടാക്സി’നു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.