അമേരിക്കയിലെ സംയുക്ത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും ആർമി ജനറലുമായ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ആഗസ്റ്റ് 21 ന് അപ്പസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ പഠന മുറിയിലാണ് കൂടിക്കാഴ്ച നടന്നത്. കത്തോലിക്ക വിശ്വാസിയായ മാർക്ക് മില്ലി, യുഎസിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെയും പ്രതിരോധ സെക്രട്ടറിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും പ്രധാന സൈനിക ഉപദേശകനുമാണ്.

2019-ൽ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനാകുന്നതിന് മുന്‍പ്, മില്ലി യുഎസ് ആർമിയുടെ ചീഫ് സ്റ്റാഫായിരുന്നു. വത്തിക്കാനിലെ യുഎസ് അംബാസഡർ ജോ ഡോണലിയും, മില്ലിയുടെ ഭാര്യ ഹോളിയൻ ഹാസും പാപ്പയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരിന്നു. ഇവര്‍ക്ക് പാപ്പ വെഞ്ചിരിച്ച ജപമാല സമ്മാനിച്ചു. വത്തിക്കാനോ യുഎസ് പ്രതിരോധ വകുപ്പോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.അതേസമയം യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ വത്തിക്കാന്‍റെ സമാധാന ദൗത്യം ഇറ്റാലിയൻ കർദ്ദിനാൾ മരിയോ സുപ്പിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് മാർപാപ്പയും മില്ലിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. യുക്രൈനിലെ കീവിലേക്കും റഷ്യയിലെ മോസ്‌കോയിലേക്കും യാത്ര ചെയ്‌ത സുപ്പി, അധികാരികളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ജൂലൈ മധ്യത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരിന്നു.