ഡഗ്ലസ്: അന്താരാഷ്ട്ര തലത്തില് തന്നെ പ്രമുഖനായ ആംഗ്ലിക്കന്‍ മെത്രാനും എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ലൈനുമായിരുന്ന ഗാവിന് ആഷെന്‍ഡെന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക്. ആഗമനകാലത്തെ നാലാമത്തെ ഞായറായ വരുന്ന ഡിസംബര് 22ന് ഇംഗ്ലണ്ടിലെ ഷ്ര്യൂസ്ബറി കത്തീഡ്രലില് വെച്ച് ഷ്ര്യൂസ്ബറി രൂപതാധ്യക്ഷന് ബിഷപ്പ് മാര്ക്ക് ഡേവിസില് നിന്നും കൂദാശകള് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പുല്കുക. 2017-ല് ഗ്ലാസ്ഗോവിലെ സെന്റ് മേരീസ് കത്തീഡ്രലില് ദനഹാതിരുനാളിനോടനുബന്ധിച്ച് യേശുവിന്റെ ദിവ്യത്വം നിഷേധിക്കുന്ന ഖുറാന് ഭാഗം വായിച്ചതിനെ വിമര്ശിച്ചതിന്റെ പേരിലാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില് ശ്രദ്ധേയനാകുന്നത്.

2008മുതല് 2017വരെ എലിസബത്ത് രാജ്ഞിയുടെ ചാപ്ലൈനായി സേവനം ചെയ്ത അദ്ദേഹം ബി.ബി.സി ഉള്പ്പെടെ മൂന്നു മാധ്യമങ്ങളില് കമന്റേറ്ററായി സേവനം ചെയ്തിട്ടുണ്ട്. ബക്കിംഗ്ഹാം പാലസില് നിന്നുള്ള ശക്തമായ സമ്മര്ദ്ധവും, ആംഗ്ലിക്കന് സഭയില് വളര്ന്നുവരുന്ന വിശ്വാസ പരിത്യാഗവുമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന് സഭ അമിതമായ മതനിരപേക്ഷതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്നതായി കത്തോലിക്കാ ന്യൂസ് വെബ്സൈറ്റായ ‘ചര്ച്ച്മിലിട്ടന്റ്.കോം’നോട് ആഷെന്ഡെന് വെളിപ്പെടുത്തി.

തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട മൂന്നു കാരണങ്ങള് അദ്ദേഹം ചൂണ്ടിക്കാട്ടിയെന്നതും ശ്രദ്ധേയമാണ്. 1963-ല് ഗരബന്ധാളിലിലെ മാതാവിന്റെ പ്രത്യക്ഷീകരണമാണ് ഒന്നാമത്തെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള് വാസ്തവമാണെന്നും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ദിവ്യകാരുണ്യ അത്ഭുതങ്ങള് രണ്ടാമത്തെ കാരണവും, കത്തോലിക്കാ സഭയുടെ ആധികാരികത മൂന്നാമത്തെ കാരണവുമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്ബാനയെ വിശുദ്ധ കുര്ബാനയായി കാണുന്ന ഒരു സഭയിലെ അംഗമായിരിക്കുക വലിയൊരു ആശ്വാസമാണെന്നും, സംസ്കാരിക മാര്ക്സിസത്തെ തുരത്തുവാന് കഴിയുന്നത് കത്തോലിക്കാ സഭക്ക് മാത്രമാണെന്നും ആഷെന്ഡെന് പറഞ്ഞു. കത്തോലിക്ക സഭയിലേക്കുള്ള ആഷെന്ഡെന്റെ നീണ്ടയാത്രയില് അദ്ദേഹത്തെ അനുഗമിക്കുവാന് കഴിഞ്ഞത് സന്തോഷം പകരുന്നുവെന്നു ഷ്ര്യൂസ്ബറി മെത്രാന് മാര്ക്ക് ഡേവിസും പ്രതികരിച്ചു. കര്ദ്ദിനാള് ജോണ് ഹെന്റി ന്യൂമാന് വിശുദ്ധനാക്കപ്പെട്ട ഈ വര്ഷം തന്നെ മറ്റൊരു ആംഗ്ലിക്കന് മെത്രാനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് സ്വീകരിക്കുവാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.