രാജ്യത്തെ കൊറോണ വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് കോടതി ഇന്ന് പരിഗണിക്കും. കൊറോണ വാക്‌സിന് പല വില നിശ്ചയിക്കാന്‍ കാരണമായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കോടതി ചോദ്യം ചെയ്തിരുന്നു.

ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്‌സിന്‍ വില തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. രാജ്യം ഒരു നിര്‍ണ്ണായക ഘട്ടത്തെ നേരിടുമ്പോള്‍ കാഴ്ച്ചക്കാരായി നില്‍ക്കാന്‍ ആവില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രിം കോടതി പറഞ്ഞിരുന്നു.

ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കും. ഇന്നലെ നോട്ടീസ് അയച്ച ഡല്‍ഹി ഹൈക്കോടതി ഇന്ന് ഓക്‌സിജന്‍ വിതരണക്കാരോട് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെല്‍ഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന ഓക്‌സിജന്‍ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നാണ് കോടതിയുടെ ആവശ്യം.