ഏഥൻസ്: ഗ്രീസിന്റെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രസിഡന്റ് കാതറീനി സാകെല്ലാരോപോളോ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഥൻസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ബൈബിളിൽ കരങ്ങൾവെച്ചായിരുന്നു സത്യപ്രതിജ്ഞ. ഓർത്തഡോക്‌സ് സഭയുടെ സൂന്നഹദോസ് പ്രസിഡന്റ് കൂടിയായ ഇറോണിമോസ് മെത്രാപ്പോലീത്തയാണ് സത്യപ്രതിജ്ഞാ ചൊല്ലിക്കൊടുത്തത്.
ക്രിസ്തുവിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടുള്ള സത്യപ്രതിജ്ഞ ഗ്രീസിൽ പുതിയ സംഭവമല്ല. ഏഥൻസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ബൈബിളിൽ തൊട്ട് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് ഗ്രീസിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പരമ്പരാഗതമായി അധികാരത്തിലേറുന്നത്. എന്നാൽ, കഴിഞ്ഞതവണ പ്രധാനമന്ത്രിയായി അധികാരമേറ്റ അലെക്‌സിസ് സിപ്രാസ് ബൈബിൾ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചു. അതുതന്നെയാണ് കാതറീനിയുടെ സത്യപ്രതിജ്ഞയെ കൂടുതൽ പ്രസക്തമാക്കിയത്.