അന്താരാഷ്ട്ര നീതിന്യായ കോടതി ഉള്‍പ്പെടെ ആരു പറഞ്ഞാലും ലക്ഷ്യം നേടുംവരെ യുദ്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അന്താരാഷ്ട്ര കോടതിക്കോ ചെകുത്താന്‍മാരുടെ അച്ചുതണ്ടിനോ മാത്രമല്ല, ലോകത്താര്‍ക്കും തങ്ങളെ തടയാനാകില്ലെന്ന് അദേഹം പറഞ്ഞു.

യുദ്ധത്തിന്റെ നൂറാം ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രയേല്‍ രംഗത്ത് വന്നിരുന്നു.

ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 125 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ യുദ്ധം നൂറ് ദിവസം പിന്നിട്ടപ്പോള്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 23,968 ആയി. 60,582 പേര്‍ക്ക് പരിക്കുണ്ട്.

അതിനിടെ ഇസ്രയേല്‍ നഗരങ്ങളായ ടെല്‍ അവീവിനും അഷ്‌ദോദിനും നേരെ ഹമാസിന്റെ അല്‍ഖസം ബ്രിഗേഡ് നിരവധി റോക്കറ്റുകള്‍ അയച്ചു. ഗസയില്‍ ഇസ്രയേല്‍ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അല്‍ഖസം ബ്രിഗേഡ് റോക്കറ്റുകള്‍ തൊടുത്തു വിട്ടത്. എന്നാല്‍ കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ലബനനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം നടന്നു.

അതിനിടെ ഗാസയില്‍ വെടിനിര്‍ത്തലും സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈന രംഗത്ത് വന്നു. യുദ്ധത്തിന്റെ നൂറാം ദിവസത്തില്‍ കെയ്‌റോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.