വൈകല്യമുള്ളവർ ഏത് അവസ്ഥയിലാണോ അതെ അവസ്ഥയിൽ യേശു അവരെ സ്നേഹിക്കുന്നുവെന്നും യേശുവിനെപ്പോലെ അവരെ സ്നേഹിക്കാനും പരിപാലിക്കാനും നമുക്ക് കഴിയണമെന്നുമുള്ള അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ. വികലാംഗരെക്കുറിച്ചുള്ള ഒരു പഠന ദിനത്തിലായിരുന്നു മാർപ്പാപ്പയുടെ സന്ദേശം.

നാഡീവികസന വൈകല്യമുള്ളവരെ പരിചരിക്കുന്ന ഇറ്റലിയിലെ എൽ’ആർചെ കമ്മ്യൂണിറ്റി സംഘടിപ്പിച്ച “കൂടെപ്പിറപ്പ്: വൈകല്യവും മാനസിക രോഗവുമുള്ള സഹോദരിസഹോദരന്മാർ” എന്ന വിഷയത്തിൽ അധിഷ്ഠിതമായ സെമിനാറിൽ പങ്കെടുത്തവർക്കായിരുന്നു പാപ്പയുടെ സന്ദേശം. റോമിന്റെ അടുത്തുള്ള ട്രാസ്റ്റെവറിലെ സാല ട്രോയിസിയിലാണ് പഠന ദിനം നടന്നത്.

ആരും തനിച്ചല്ല

വൈകല്യമുള്ളവർക്കായി നടത്തപ്പെട്ട മനോഹരമായ സംരംഭത്തെ അഭിവാദ്യം ചെയ്യുന്നതിൽ മാർപ്പാപ്പ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും “കൂടെപ്പിറപ്പ്” എന്ന വാക്കിനെ എടുത്ത് പറഞ്ഞു അതിനെക്കുറിച്ച് വിചിന്തനം നടത്തുകയും ചെയ്തു.

“കൂടെപ്പിറപ്പ് എന്ന വാക്കിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, എന്നാൽ ആ വാക്ക് സൂചിപ്പിക്കുന്ന അദ്ഭുതത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അതായത് നല്ലതായാലും മോശമായാലും, ‘ഒരു വ്യക്തിയും തനിച്ചല്ല’, മാത്രമല്ല അവർ ബന്ധങ്ങളുടെ ഒരു മനോഹരമായ ശൃംഖലയിൽ ജീവിക്കുന്നു” ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ഒരു വ്യക്തിയുടെ വൈകല്യം, അത് ആ മുഴുവൻ കുടുംബത്തെയും ബാധിക്കുന്നതാണ് എന്നും പാപ്പ സമ്മതിക്കുന്നു. വൈകല്യമുള്ള ഒരു സഹോദരന്റെയോ സഹോദരിയുടെയോ ആരോഗ്യമുള്ള കൂടപ്പിറപ്പ് കാൽവരിയിലേക്കുള്ള പാതയിൽ യേശുവിന്റെ കുരിശ് ചുമക്കാൻ കാവൽക്കാർ നിർബന്ധിച്ച സിറേനിയൻകാരൻ ശെമയോനെപ്പോലെയാണ്.

ആ സഹോദരൻ, ജീവിതകാലം മുഴുവൻ തന്റെ വൈകല്യമുള്ള കൂടെപ്പിറപ്പിന് വേണ്ടി ഒരു സിറേനിയൻ ആകാൻ നിർബന്ധിതനായ ഒരു വ്യക്തിയാണെന്നും മാർപ്പാപ്പ വിശദമാക്കുന്നു.

“യേശുവിന്റെ സാന്നിധ്യമുള്ള സ്വന്തം സഹോദരന്റെയോ സഹോദരിയുടെയോ കുരിശ് ആ കൂടെപ്പിറപ്പ് പങ്കുവെക്കുകയും വഹിക്കുകയും വേണം” ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.

ദൈവം നമ്മെ നാമായി സ്നേഹിക്കുന്നു

യേശു ഒരിക്കലും നമ്മെക്കുറിച്ച് ലജ്ജിക്കുന്നില്ല, കർത്താവ് നമ്മുടെ പ്രശ്‌നങ്ങൾ അവന്റേതാക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പ ഊന്നിപ്പറഞ്ഞു. നമ്മുടെ കഴിവുകളെയും ബലഹീനതകളെയും വൈകല്യങ്ങളെയും ഉൾക്കൊണ്ട് യേശു നമ്മൾ ഏത് അവസ്ഥയിലാണോ അങ്ങനെ തന്നെ സ്നേഹിക്കുന്നു.

മാനസിക വെല്ലുവിളി നേരിടുന്നത് ഉൾപ്പെടെയുള്ള വൈകല്യങ്ങൾ മൂലം ബുധിമുട്ടുന്നവരെക്കുറിച്ചുള്ള പഠന ദിനത്തിന്റെ നല്ലതും ഫലവത്തായതുമായ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ ഉപസംഹരിച്ചു. ഒപ്പം ഈ പ്രവർത്തനം വളരെയധികം ഫലം കായ്ക്കാൻ കഴിവുള്ള ഒരു വിത്തായിരിക്കുമെന്നും മാർപ്പാപ്പ പ്രത്യാശിച്ചു.