🗞🏵 *തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്.* തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍. മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തില്‍ കൂടാതെ ഒഡിഷയിലും ഉത്തരാഖണ്ഡിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
🗞🏵 *മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു.

🗞🏵 *സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു.* മലപ്പുറത്തിനു പുറമേ കൊല്ലത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. ശാസ്താംകോട്ട ഫാത്തിമ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട പുന്നമൂട് പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടപ്പിച്ചു. 
 
🗞🏵 *ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം, വിശദമായ അന്വേഷണത്തിന്.* കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതോടെ, കോഴിക്കട അടപ്പിച്ചു. ഐഡിയല്‍ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കടയ്ക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്
അടപ്പിച്ചത്.

🗞🏵 *സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.* വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

🗞🏵 *രാജ്യത്ത് കുതിച്ചുയർന്ന് പാചകവാതക വില.* വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 103 രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിൽ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറിന് 2200 രൂപയോളം വിലവരും. രാജ്യതലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2365.50 രൂപയാണ് ഇപ്പോഴത്തെ വില.കൊച്ചിയിൽ വില 2359 രൂപയായി. നാലുമാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞമാസം 256 രൂപ കൂട്ടിയിരുന്നു

🗞🏵 *പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.* പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷണം നടത്തുക. ഉത്തര സൂചികയുടെ അപാകത കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു

🗞🏵 *ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.* നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ട് അനുസരിച്ചാണ് സർക്കാർ അവധി നൽകിയത്.സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇന്നലെ രാവിലെ ഉത്തരവിറക്കിയിരുന്നു.

🗞🏵 *കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.* കര്‍ണാടകയുടെ ഒരിഞ്ച് ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.* അതിര്‍ത്തി പ്രശ്നങ്ങളില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. തങ്ങളുടെ ഭൂമിയില്‍ നിന്ന് ഒരിഞ്ച് പോലും വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോഴാണ് അവിടുത്തെ രാഷ്ട്രീയക്കാര്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരാണെന്നും, ഇതില്‍ 21,018 പേര്‍ ആദായനികുതി അടയ്‌ക്കുന്നവരാണെന്നും കണ്ടെത്തല്‍.* അര്‍ഹതയില്ലാതെ പണം സ്വീകരിച്ചവരിൽ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇത്തരത്തിൽ തിരിച്ചു കിട്ടേണ്ട 31 കോടി രൂപയിൽ 4.90 കോടി രൂപ മാത്രമാണ്‌ ഇതുവരെ കിട്ടിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

🗞🏵 *സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയാണെന്ന് റിപ്പോർട്ട്.* 2025 ൽ ആഗോള വിദ്യാഭ്യാസ-പരിശീലന വിപണി, ഓൺലൈനിലും ഓഫ്‌ലൈനിലും 7.3 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നത്. ഒരു സർവേ പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമുള്ള സൈബർ ഭീഷണികൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യയാണ്. അതിന് പിന്നാലെ, യുഎസ്, യുകെ, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളും.
 
🗞🏵 *സർവകാല റെക്കോർഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയർന്നു.* ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷങ്ങളിലെ വളർച്ച നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.

🗞🏵 *ലോക ജനസംഖ്യയുടെ 99 ശതമാനവും മലിനമായ വായു ശ്വസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.* വായുവിന്റെ ഗുണനിലവാരം അളക്കുന്ന 117 രാജ്യങ്ങളിൽ, ഉയർന്ന മെട്രോപൊളിറ്റൻ നഗരങ്ങളിലെ 17 ശതമാനം നഗരങ്ങളിലും ലോകാരോഗ്യ സംഘടനയുടെ പിഎം2.5 അല്ലെങ്കിൽ പിഎം10 മാർഗ്ഗനിർദ്ദേശങ്ങൾക്ക് താഴെയാണ് വായുവിന്റെ ഗുണനിലവാരം.
 
🗞🏵 *കേരളത്തിൽ വൈകാതെ ആംആദ്മി അക്കൗണ്ട് തുറക്കുമെന്ന് രാഘവ് ഛദ്ദ എംപി.* മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് ശക്തി കൂട്ടേണ്ടി വരുമെന്നും, ഏതെങ്കിലും ഒരു സംസ്ഥാനത്ത് വളരുന്നത് അവിടുത്തെ പാര്‍ട്ടികളെ നോക്കിയല്ല ജനങ്ങളെ നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *യൂറോപ്പ് പര്യടനത്തിനായി ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം.* ജർമ്മനിയിലെ ബെർലിനിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. മോദിയെ കണ്ട് അഭിവാദ്യമർപ്പിക്കാനായി കൊച്ചുകുട്ടികൾ മുതൽ പ്രായമേറിയവർ വരെ എത്തിയിരുന്നു.ഒരു കൊച്ചു പെൺകുട്ടി പ്രധാനമന്ത്രിയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചിരുന്നു. 

🗞🏵 *രാജ്യത്ത് ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി.* നിർബന്ധിത വാക്സിനേഷൻ പാടില്ലെന്നും പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്കെതിരെ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🗞🏵 *കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു.* ബീഹാർ കേന്ദ്രീകരിച്ചായിരിക്കും പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ബിഹാറില്‍ നിന്ന് തുടങ്ങുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാപനം നടത്തികൊണ്ട് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

🗞🏵 *ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള തുടക്കത്തിന്റെ ഭാഗമായി എടിഎം ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി ആർബിഐ.* എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കുവാൻ കാർഡ്ലസ് പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. അതായത്, എടിഎം കാർഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ സാധിക്കും.യുപിഐ യുടെ സഹായത്തോടെയാണ് കാർഡ്ലസ് സംവിധാനം ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. 

🗞🏵 *മഹാരാഷ്ട്രയിലെ മുസ്ലിം മോസ്ക് കളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലുറച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രസിഡന്റ് രാജ് താക്കറെ.* ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ പിന്നീട് സംഭവിക്കുന്നതിന് താൻ ഉത്തരവാദിത്വമേൽക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
 
🗞🏵 *പോലീസ് റെയ്ഡിനെ തുടർന്ന് അധോലോക നായകന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി.* ഉത്തർപ്രദേശിലെ ചണ്ടോലി ജില്ലയിലാണ് സംഭവം നടന്നത്. കുട്ടി മരിച്ചു കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രസിദ്ധ കുറ്റവാളിയും അധോലോക നായകനും ആയിരുന്ന കനൈയ്യ യാദവിന്റെ മകൾ നിഷ യാദവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

🗞🏵 *കര്‍ണാടക സ്വദേശിനിയായ യുവതിയെ റിസോര്‍ട്ടിലെ കുളിമുറിയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാൾ കൂടി അറസ്റ്റിൽ* താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദ് (32) ആണ് അറസ്റ്റിലായത്. 
 
🗞🏵 *സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ സ്നേ​ഹം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേ​ഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ.* ചി​ത​റ കൊ​ച്ചു​ക​ലു​ങ്ക് ഷെ​മീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​മീ​റി (32)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.പെ​ണ്‍കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

🗞🏵 *വിവാഹ വാഗ്ദാനം നൽകി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.* നടുവട്ടം പെരച്ചനങ്ങാടി സ്വദേശി അദീബ് മഹലിൽ അദീബ് (32) ആണ് അറസ്റ്റിലായത്.പ്രണയം നടിച്ച് യുവതിയെ രണ്ടു മാസം മുമ്പ് ഗോവയിലേക്ക് തട്ടിക്കൊണ്ടു പോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ മൂന്നര പവൻ ആഭരണങ്ങൾ തട്ടിയെടുക്കുകയും സുഹൃത്തിന്‍റെ സഹായത്തിൽ വിൽപന നടത്തിയതായും പരാതിയുണ്ട്. ഗോവയിൽ താമസിപ്പിച്ച് യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഇയാൾ, സ്വർണം വിറ്റ പണം തീർന്നപ്പോൾ മടങ്ങും വഴി മംഗളൂരു റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
 
🗞🏵 *ബാഗിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ.* കാസർ​ഗോഡ് കുമ്പള സ്വദേശി കോഴിപ്പാടി കടപ്പുറത്തെ ഷഫീന മൻസിലിൽ സാദിഖിനെയാണ് (30) പൊലീസ് പിടികൂടിയത്.ഞായറാഴ്ച പുലർച്ചെ നാലിന് മുക്കാളി ബസ് സ്റ്റോപ്പിനടുത്തു നിന്നാണ് ഇയാൾ പിടിയിലായത്.

🗞🏵 *റഷ്യ- യുക്രൈനുമേല്‍ നടത്തുന്ന അധിനിവേശങ്ങളില്‍ വീണ്ടും ദുഃഖം പ്രകടിപ്പിച്ചും സമാധാനത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ.* ഇന്നലെ മെയ് 1ന് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തോട് സംസാരിച്ചപ്പോഴാണ് അനുദിന ജപമാലയര്‍പ്പണത്തിന് ആഹ്വാനം ചെയ്തത്. ദൈവമാതാവിന് സമർപ്പിച്ചിരിക്കുന്ന മാസത്തിന് ഇന്ന് തുടക്കമിടുന്നു. സമാധാനത്തിനായി മെയ് മാസത്തിൽ എല്ലാ ദിവസവും ജപമാല ചൊല്ലാൻ വിശ്വാസികളെയും എല്ലാ സമൂഹങ്ങളെയും ക്ഷണിക്കാൻ താന്‍ ആഗ്രഹിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

🗞🏵 *രാജ്യത്തു അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയിടുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണ നിലപാടുകള്‍ തുടരുന്നു.* 21 വര്‍ഷമായി നിലനിന്നിരുന്ന ജോന ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞുക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് യുഎസ് ആസ്ഥാനമായുള്ള നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്യുന്നു. “എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ, ഇനി മുതൽ സൈറ്റിൽ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലായെന്നും കഴിഞ്ഞ 21 വർഷത്തെ നിങ്ങളുടെ കമ്പനിയ്ക്കും പിന്തുണയ്ക്കും നന്ദി!” എന്ന കുറിപ്പ് കഴിഞ്ഞ ദിവസം വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിന്നു. 

🗞🏵 *തന്റെ കാലിലെ ബുദ്ധിമുട്ട് ഭേദമായിട്ടില്ലെന്നും, നടക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ.* ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് സ്ലോവാക്യയില്‍ നിന്നുള്ള കത്തോലിക്ക തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. “ഒരു പ്രശ്നമുണ്ട്: ഈ കാലിന് പറ്റുന്നില്ല, എന്നോടു നടക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. നടക്കാന്‍ എനിക്കു ആഗ്രഹമുണ്ട്. പക്ഷേ ഇത്തവണ എനിക്ക് ഡോക്ടര്‍ പറഞ്ഞത് അനുസരിക്കേണ്ടി വരും” വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
*ഇന്നത്തെ വചനം*
തങ്ങളില്‍ വലിയവന്‍ ആരാണ്‌ എന്നൊരു തര്‍ക്കം അവരുടെയിടയില്‍ ഉണ്ടായി.
അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: വിജാതീയരുടെമേല്‍ അവരുടെ രാജാക്കന്‍മാര്‍ ആധിപത്യം അടിച്ചേല്‍പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു.
എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്‌. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം.
ആരാണു വലിയവന്‍, ഭക്‌ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്‌ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്‌.
എന്റെ പരീക്‌ഷകളില്‍ എന്നോടുകൂടെ നിരന്തരം ഉണ്ടായിരുന്നവരാണു നിങ്ങള്‍.
എന്റെ പിതാവ്‌ എനിക്കു രാജ്യം കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു.
അത്‌ നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയില്‍നിന്നു ഭക്‌ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളില്‍ ഇരുന്ന്‌ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളെ വിധിക്കുകയും ചെയ്യുന്നതിനുവേണ്ടിയത്ര.
ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.
എന്നാല്‍, നിന്റെ വിശ്വാസം ക്‌ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന്‌ നിന്റെ സഹോദരരെ ശക്‌തിപ്പെടുത്തണം.
ലൂക്കാ 22 : 24-32
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
*വചന വിചിന്തനം*
സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. വിശ്വാസ സമൂഹത്തെ ഭിന്നിപ്പിക്കുക, ചിതറിക്കുക എന്നത് സാത്താൻ്റെ പ്രവർത്തിയാണ്. അവൻ അതിനായിട്ടാണ് വലിയവൻ, ചെറിയവൻ എന്ന തർക്കം ഉളവാക്കുന്നത്. ആ പ്രലോഭനത്തിൽ വീഴാൻ വിശ്വാസികൾക്ക് ഇടയാകരുത്. ആധിപത്യം സ്ഥാപിക്കുകയല്ല ശുശ്രൂഷ ചെയ്യുകയാണ് വിശ്വാസി കളുടെ കടമയെന്ന് കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു. സകല ഭിന്നതകൾക്കും കാരണം ആധിപത്യശ്രമവും അധികാരപ്രമത്തതയുമാണ്. അവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ സാത്താന് വിശ്വാസികളെ ഭിന്നിപ്പിക്കാൻ സാധിക്കില്ല.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*