മാവോയിസ്റ്റ് ബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും കത്തോലിക്ക വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് മേയ് 28നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ആറ് വരെ ആശുപത്രിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും റിപ്പോർട്ടുകളുണ്ടായിരിന്നു. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. വൈദികനെതിരെയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും ക്യാംപെയിന്‍ നടക്കുന്നുണ്ട്.