വാർത്തകൾ

🗞🏵 *കൊവിഡ് 19 രോഗ വ്യാപനവും ലോക്ക്ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍.* സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 5,000 കോടി രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സഹായം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കി.

🗞🏵 *പത്തനംതിട്ട റാന്നിയിൽ ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ വീടിന് നേരെ ആക്രമണം.* റാന്നി അങ്ങാടി സ്വദേശി ജോസഫിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രിയിൽ കല്ലേറ് ഉണ്ടായത്. ഇന്നലെ വൈകിട്ട് മധ്യപ്രദേശിൽ നിന്നെത്തിയത് മുതൽ ജോസഫും കുടുംബവും ഹോം ക്വാറന്റീനിലാണ്.

🗞🏵 *കാഞ്ഞിരപ്പള്ളിയിൽ സപ്ലൈകോ വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകളിൽ കൃത്രിമം കാട്ടിയ റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു.* കൂവപ്പള്ളി എആർഡി ഇരുപത്തിമൂന്നാം നമ്പർ റേഷൻ കടയുടമ ജോണി ഫിലിപ്പിനെയാണ് അറസ്റ്റ് ചെയ്തതത്. കിറ്റുകളിലെ സാധനങ്ങൾ മാറ്റി നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ സപ്ലൈകോ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

🗞🏵 *സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും.* സ്‌കൂളുകളിൽ വിക്ടേഴ്‌സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുപയോഗിച്ചുമായിരിക്കും ക്ലാസുകൾ നടക്കുക. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്‌കൂളുകളിലെ പ്രധാനാധ്യപകർ സ്വകരിക്കും.

🗞🏵 *കണ്ണൂർ ന്യൂമാഹിയിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു.* ന്യൂമാഹി പിഎച്ച്‌സിയിലെ ആരോഗ്യ പ്രവർത്തകയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊവിഡ് നിരീക്ഷണം ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🗞🏵 *സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പിയായ ആര്‍ ശ്രീലേഖ അഗ്നിശമന സേനാ മേധാവിയായി ചുമതലയേറ്റു.* ഡിജിപി എ ഹേമചന്ദ്രന്‍ വിരമിച്ച ഒഴിവിലാണ് ശ്രീലേഖ എത്തിയത്. തിരുവനന്തപുരത്തെ ഫയർഫോഴ്‌സ് ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.

🗞🏵 *ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടനടി നിർത്തിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ സർക്കാർ ഒത്താശയോടെയാണ് കരിമണൽ ഖനനം നടക്കുന്നത്. പൊഴിൽ നിന്നെടുക്കുന്ന മണൽ തീരത്ത് തന്നെ നിക്ഷേപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

🗞🏵 *ഉത്തരാഖണ്ഡിലെ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ്.* മന്ത്രി സത്പാൽ മഹാരാജിന്റെ ഭാര്യ അമൃതാ റാവത്തിനാണ് കൊവിഡ് പോസിറ്റീവായത്. അമൃതയുടെ സ്രവം പരിശോധിച്ചത് ഡെറാഡൂണിലെ ഒരു സ്വകാര്യ ലാബിലാണ്.

🗞🏵 *ലോക്ക് ഡൗണിൽ കൂടുതൽ ഇളവു സംബന്ധിച്ച കേരളത്തിന്റെ തീരുമാനം ഇന്ന്.* സംസ്ഥാനന്തര യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിർദേശത്തോട് വിയോജിപ്പെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിനകത്ത് ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും. പുതിയ അധ്യയന വർഷത്തിലെ ഓൺലൈൻ ക്ലാസുകൾക്കും ഇന്ന് തുടക്കമാകും.

🗞🏵 *പിണറായി സർക്കാരിന്റ ആദ്യ എട്ട് മാസത്തിന് ശേഷമുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് തടസമുണ്ടാക്കിയത് ഉപദേശകവൃന്ദങ്ങളാണെന്ന ആരോപണവുമായി ഡിജിപി ജേക്കബ് തോമസ്.* ഒരു വർഷം കൂടി ബാക്കി നിൽക്കെ പിണറായി വിജയനിൽ ഇനിയും പ്രതീക്ഷയുണ്ട്. താൻ തിരിച്ചിറങ്ങുന്നത് പരശുരാമന്റെ മഴുവുമായിട്ടാണന്നും ജേക്കബ് തോമസ് വിരമിക്കൽ ദിനത്തിൽ പറഞ്ഞു.

🗞🏵 *സോഫ്റ്റ്‌വെയർ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് കരാർ മാധ്യമ പ്രവർത്തകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നു.* എംഎസ്എൻ വെബ്‌സൈറ്റിന് വേണ്ടിയാണ് യാന്ത്രിക സംവിധാനം ഉപയോഗിക്കുന്നത്. മാധ്യമ പ്രവർത്തകരാണ് വെബ്‌സൈറ്റിന് വേണ്ടി സ്റ്റോറികൾ, തലക്കെട്ട്, ചിത്രം എന്നിവ തെരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. 50 ഓളം കരാർ ജീവനക്കാർക്ക് ഇതോടെ ജോലി നഷ്ടമാകുമെന്നാണ് വിവരം.

🗞🏵 *ജൂൺ അവസാന വാരത്തോടെ നടത്താനിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.* ജി-7 എന്ന നിലയിൽ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാൽ ഞാനിത് മാറ്റിവയ്ക്കുന്നുവെന്നായിരുന്നു ഉച്ചകോടി മാറ്റാനുള്ള തീരുമാനത്തെ പ്രസിഡന്റ് ന്യായീകരിച്ചത്.

🗞🏵 *തെക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.* ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ നിസർഗ എന്ന പേരിലാകും അറിയപ്പെടുക. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

🗞🏵 *ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നയതന്ത്ര- സൈനിക തലത്തിൽ ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.* ഇതിന് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 *കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തം.* ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകം നടന്ന മിനിയാപൊളിസിൽ കലാപം തുടരുകയാണ്. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി.

🗞🏵 *കൊറിയർ സർവീസ് കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം മുന്നറിയിപ്പില്ലാതെ ഉടമ ഇടിച്ചു നിരത്തി.* കെട്ടിടം പൊളിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു അതിക്രമം. കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും രേഖകളുമുൾപ്പെടെ വ്യാപക നാശനഷ്ടങ്ങളുണ്ടായതായി കൊറിയർ സർവീസ് സ്ഥാപന പ്രതിനിധികൾ പൊലീസിന് പരാതി നൽകി.

🗞🏵 *സിവിൽ പൊലീസ് ഓഫീസർ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ആശങ്കയിൽ ഉദ്യോഗാർത്ഥികൾ.* റാങ്ക് ലിസ്റ്റിലുൾപ്പെട്ട പകുതി പേർക്കും നിയമന ശുപാർശ ലഭിക്കാത്തതിനാൽ പട്ടികയുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ജൂൺ 30നാണ് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്.

🗞🏵 *കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദ് ചെയ്ത നടപടി ജൂൺ 30 വരെ തുടരുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.* അഞ്ചാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് ശനിയാഴ്ച്ച പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഡിജിസിഎ തീരുമാനം അറിയിച്ചത്.

🗞🏵 *രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ വിഭാഗങ്ങളെയും ബാധിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. കൊവിഡിനെതിരെ കർമനിരതരായ ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

🗞🏵 *സംസ്ഥാന വഖഫ് ബോർഡ്‌ന്റെ നിലപാടുകൾക്കെതിരെ സുന്നി മഹല്ല് ഫെഡറേഷൻ രംഗത്ത്.* വഖഫ് ബോർഡ് മുഖേനയുള്ള ധനസഹായങ്ങൾ നിർത്തിവച്ചത് പുനപരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിക്കുന്ന വഖഫ് ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നും യോഗം കുറ്റപ്പെടുത്തി.

🗞🏵 *കൊവിഡ് രോഗ വ്യാപനം കണ്ടെത്താൻ സംസ്ഥാനങ്ങൾ സംസ്ഥാനങ്ങൾ സെറോ സർവേ നടത്തണമെന്ന് എസിഎംആറിന്റെ നിർദേശം.* എലീസ കിറ്റ് ഉപയോഗിച്ചായിരിക്കണം സർവേ നടത്തേണ്ടത്. വിശദമായ മാർഗരേഖ ഉൾക്കൊള്ളുന്ന കത്ത് ഐസിഎംആർ സംസ്ഥാനങ്ങൾക്ക് അയച്ചു.

🗞🏵 *ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ചു* പാലക്കാറ്റ് ചാലിശ്ശേരിയിൽ മുഹമ്മദ് നിസാൻ ആണ് മരണപ്പെട്ടത്. കുഞ്ഞിൻ്റെ പിതൃസഹോദരൻ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇൻഡോറിൽ നിന്നെത്തിയ പിതാവ് ഹോം ക്വാറൻ്റീനിലുമാണ്. കൊവിഡ് ടെസ്റ്റിനായി കുഞ്ഞിൻ്റെ സ്രവം പരിശോധനക്ക് അയച്ചു.

🗞🏵 *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.* കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 193 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 1,82,143 ആയി. ആകെ മരണം 5164.

🗞🏵 *നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കൻ സ്വകാര്യ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു.* ഇതോടെ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ദൗത്യത്തിൽ ഒരു സ്വകാര്യ മേഖലയുടെ കടന്നു വരവിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

🗞🏵 *ഉത്രാ വധക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരും.* അടൂർ പറക്കോട് ഉള്ള വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും പരിശോധന നടത്തിയേക്കും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കാൻ വിദഗ്ധരുടെ ഉപദേശം തേടി അന്വേഷണസംഘം.

🗞🏵 *മദ്യലഹരിയിൽ സംസ്ഥാനത്ത് മൂന്ന് കൊലപാതകം.* തൃക്കൊടിത്താനത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോള്‍ തിരൂര്‍ മുത്തൂരില്‍ മദ്യലഹരിയിലായ മകന്‍ തള്ളിവീഴ്ത്തിയ പിതാവ് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് ഒാട്ടോഡ്രൈവറെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പ്രതി സതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

🗞🏵 *ക്വാറന്റീൻ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനും താമസത്തിനും പണം ആവശ്യപ്പെടുന്നു* പ്രവാസികൾക്കു ദുരിതം. പ്രവാസികൾ പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണു നഗരത്തിലെ ക്വാറന്റീൻ കേന്ദ്രങ്ങളായ ഹോട്ടലുകളിൽ ആവശ്യപ്പെട്ടു തുടങ്ങിയത്. ചിന്നക്കടയ്ക്കു സമീപത്തെ ഹോട്ടലിൽ താമസിക്കുന്നവരോടു ദിവസം 800 രൂപ മുറിവാടകയും ഭക്ഷണത്തിനു പ്രത്യേകം തുകയും നൽകണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്.

🗞🏵 *പമ്പ ത്രിവേണിയില്‍ നിന്ന് മണല്‍ നീക്കം ചെയ്യുന്നതില്‍ തര്‍ക്കം തുടരുന്നു* മണല്‍ നീക്കം ചെയ്യുന്നതില്‍ രേഖാമൂലം ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നു കാട്ടി വനം വകുപ്പ് റവന്യു അധികൃതര്‍ക്കും കരാറുകാരുടെ പ്രതിനിധികള്‍ക്കും കത്തുനല്‍കി. ഈ സാഹചര്യത്തില്‍ പൊലീസ് സംരക്ഷണയിലാണ് മണല്‍ നീക്കം ചെയ്യുന്നത്.

🗞🏵 *സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.* വിശ്വാസിസമൂഹത്തിന്റെ വലിയൊരു ആവശ്യമാണിത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരാന്‍ പാസ് നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍പാസ് കൃത്യമായി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.

🗞🏵 *ന്യൂനമര്‍ദ മുന്നറിയിപ്പിനെതുടര്‍ന്ന് കേരള തീരത്ത് ഏര്‍പ്പെടുത്തിയ മല്‍സ്യബന്ധന വിലക്ക് എല്ലായിടത്തും പാലിക്കപ്പെടുന്നില്ലെന്ന് പരാതി.* ലോക് ‍ഡൗണിനും ട്രോളിങ് നിരോധനത്തിനും ഇടയില്‍ വരുമാനം കണ്ടെത്താന്‍ കടലില്‍ പോകാന്‍ കഴിയുമായിരുന്ന ദിവസങ്ങളാണ് ന്യൂനമര്‍ദം മൂലം നഷ്ടമായത്.

🗞🏵 *പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ പൊലീസുകാര്‍ ഏറ്റുമുട്ടി.* ക്യാമ്പിലെ മെസ് ഓഫീസറും കുക്കുമാണ് അടിപിടിയില്‍ ഏര്‍പ്പെട്ടത്. ഡ്യൂട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേയ്ക്കെത്തിയത്. മെസ് ഓഫീസര്‍ മര്‍ദിച്ചുവെന്നാണ് ക്യാമ്പിലെ കുക്കിന്റെ ആരോപണം. ജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ചോദ്യം ചെയ്യുകയാണുണ്ടായതെന്നും കുക്ക് മദ്യലഹരിയിലായിരുന്നുവെന്നുമാണ് മെസ് ഓഫീസറുട വിശദീകരണം.

🗞🏵 *മൊബൈൽ നമ്പർ 10 അക്കത്തിൽ നിന്ന് 11 അക്കമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്തു.* രാജ്യത്ത് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണിത്. പരിഷ്കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകൾ സ‍ൃഷ്ടിക്കാൻ കഴിയും. എല്ലാ നമ്പറുകളും 9 ൽ തുടങ്ങും

🗞🏵 *കോവിഡിനിടയിലും വിപണിയിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്ന സംസ്ഥാനത്തെ വിതരണവ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ.* ചില്ലറ, മൊത്ത വ്യാപാരികൾക്ക് വിതരണം ചെയ്ത ഉൽപ്പന്നങ്ങളുടെ പണം തിരിച്ചു കിട്ടാൻ വൈകുന്നതും, സർക്കാർ സഹായം ലഭിക്കാത്തതും വിപണിയിൽ പ്രതിസന്ധിക്ക് വഴിവച്ചേക്കുമെന്ന് വിതരണ വ്യാപാരികൾ പറയുന്നു

🗞🏵 *ഭാരത് ഗ്യാസിന്റെ പാചകവാതക ബുക്കിങ്ങിന് ഇനിമുതല്‍ വാട്സ്ആപ്പ് സംവിധാനംകൂടി.* രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് വാട്സ്ആപ്പ് സന്ദേശമയച്ച് ഗ്യാസ് ബുക്ക് ചെയ്യാം. രാജ്യത്തെ ഏഴുകോടി ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

🗞🏵 *കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ മലപ്പുറം കവളപ്പാറയെ മറന്ന് സര്‍ക്കാര്‍.* 64 വീടുകള്‍ക്കൊപ്പം 59 മനുഷ്യരും അപ്രത്യക്ഷമായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അമ്പേ പാജയപ്പെട്ടു. ഉറ്റവര്‍ക്കൊപ്പം കിടപ്പാടവും നഷ്ടമായ11 ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്‍ പഞ്ചായത്തിലെ ദുരിതാശ്വസ ക്യാംപില്‍ കഴിയുകയാണ്.

🗞🏵 *സംസ്ഥാനത്ത് 61 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.* പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

🗞🏵 *കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന.* ധനകാര്യ മന്ത്രി നിർമലാ സീതാരാമനെ തൽസ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം സാമ്പത്തിക നയങ്ങളിൽ വലിയ പരിഷ്‌കാരങ്ങൾ വേണ്ടി വരും എന്നതിനാലാണ് ധനമന്ത്രി പദത്തിൽ പ്രവർത്തന മികവും പ്രാവീണ്യവുമുള്ളവർക്ക് അവസരം നൽകാൻ മോദി സർക്കാർ തീരുമാനിച്ചത്

🗞🏵 *എറണാകുളം ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.* മെയ് 27 ന് മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഏഷ്യ വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

🗞🏵 *ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡന കഥകള്‍ മാത്രം പുറത്തുവന്നിരുന്ന നൈജീരിയയില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന്റെ വാര്‍ത്ത.* ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ തനിക്ക് അന്‍പതു ബൈബിളുകള്‍ സംഭാവനയായി നല്‍കിയെന്ന്‍ നൈജീരിയയിലെ അബുജ കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കായിഗാമ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

🗞🏵 *നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍.* ദേശീയ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കൊണ്ടുള്ള മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് ആരാധനാലയങ്ങള്‍ക്കു ഉപാധികളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. അഞ്ചാം ഘട്ട ലോക്ക്ഡൌണ്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതലാകും ഇളവുകള്‍ നല്‍കിത്തുടങ്ങുക. അതേസമയം ആരാധനാലയങ്ങള്‍ തുറന്നു നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

🗞🏵 *ഇവ ആന്റണി എന്ന പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ).* സഫർ ഷാ എന്ന കൊലപാതകിക്ക് അനായാസേന ജാമ്യം കിട്ടിയത്, നീതി പീഠത്തെ അവസാന ആശ്രയമായി കാണുന്ന സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതക കേസിലെ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസികൂഷ്യനും, പ്രതി ഭാഗവും കൈ കോർത്ത്‌ മുന്നോട്ട് പോകുന്നത് നമ്മുടെ ജനാധിപത്യ സമൂഹം തെറ്റായ ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ ദുഃസൂചനയാണെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.

🗞🏵 *അഫ്ഗാനിസ്താനില്‍ ടെലിവിഷന്‍ ചാനല്‍ ജീവനക്കാര്‍ക്ക് നേരെ നടത്തിയ തീവ്രവാദ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊലപ്പെട്ടു.* കൊല്ലപ്പെട്ടവരിൽ ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു.

🗞🏵 *മദ്യത്തിന് അടിമയായ മകന്‍ അമ്മയെ കറിക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങള്‍ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ* .ശനിയാഴ്ച രാത്രി 11 ഓടെയാണ് തൃക്കൊടിത്താനം അമര കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) ദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ മകന്‍ നിതിന്‍ ബാബുവിനെ (27) ഇന്നലെ വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃

*ഇന്നത്തെ വചനം*

യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച്‌ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്‍െറ തിരുവുള്ളം.
സര്‍വവും എന്‍െറ പിതാവ്‌ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കുവെളിപ്പെടുത്തിക്കൊടുക്കാന്‍മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍െറ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
എന്തെന്നാല്‍, എന്‍െറ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.
മത്തായി 11 : 25-30
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃

*വചന വിചിന്തനം*
ക്ലേശിതര്‍ക്കാശ്വാസമായ ഈശോ

ജീവിതത്തിന്റെ ക്ലേശങ്ങളിൽപെട്ടുഴലുന്ന നമുക്ക് ഏറ്റവും വലിയ ആശ്വാസമാണ് “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (28-29) എന്ന ഈശോയുടെ വാക്യങ്ങൾ. പക്ഷേ, ആശ്വാസം തേടി നമ്മൾ ഈശോയുടെ പക്കലേയ്ക്കാണോ പോകുന്നത് എന്നത് ചിന്തനീയമാണ്.

ചില വ്യക്തികളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും ആശ്വാസം തേടിപ്പോകുന്നത് പലപ്പോഴും ചെന്നവസാനിക്കുന്നത് അപകടത്തിലാണ്. എത്രയോ ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും. ഈശോയിലേയ്ക്ക് നയിക്കാത്ത വ്യക്തികളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും ഒരിക്കലും ആശ്വാസം തേടിപ്പോകരുത്. അത് എത്ര വലുതായി തോന്നിയാലും.

ജി. കടൂപ്പാറ
🍃🍃🍂🍃🍃🍂🍃🍃🍂🍃🍃

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*