മുംബയ്: പ്രായമായ അമ്മയെ മകനും കുടുംബവും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇളയ മകനും കുടുംബവും വീടൊഴിയണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അര്‍ഹിക്കുന്ന അന്തസും ബഹുമാനവും നല്‍കി മുതിര്‍ന്ന പൗരന്മാരെ മക്കള്‍ പരിചരിക്കണന്നും കോടതി വ്യക്തമാക്കി. ഇളയ മകന്റെയും ഭാര്യയുടെയും ശല്യത്തെതുടര്‍ന്നു പരാതിക്കാരി സീനിയര്‍ സിറ്റിസന്‍സ് മെയ്ന്റനന്‍സ് ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്. ട്രൈബ്യൂണലിന്റെ വിധിയില്‍ സ്വന്തം മകന്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും,​ സഹോദരനുമായി നിരന്തരം തര്‍ക്കങ്ങളുണ്ടായെന്നും പറയുന്നു. തുടര്‍ന്ന് ട്രൈബ്യൂണല്‍ അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്തു മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

മക്കളുടെ സ്‌കൂള്‍ പഠനം മുടങ്ങാതിരിക്കാന്‍ 2 മാസത്തെ സാവകാശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചെങ്കിലും വീടൊഴിയണമെന്ന നിര്‍ദേശത്തില്‍ ഇളവു വരുത്താന്‍ തയ്യാറായില്ല.മുതിര്‍ന്ന പൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ 2007ല്‍ നിലവില്‍ വന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. പരാതിക്കാരിയുടെ ഭര്‍ത്താവ് വാങ്ങിയ ഫ്‌ളാറ്റിലാണു മൂത്ത മകനും ഇളയ മകന്റെ കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരി മക്കളുടെ സംരക്ഷണയിലാണു കഴിയുന്നത്.