തിരുവനന്തപുരം: ഷെയിന്‍ നിഗത്തിനെ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ രാജീവ് രവി രംഗത്ത്. ഷയ്നിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷെയിനിനെ പോലൊരു നടനെ ആര്‍ക്കും വിലക്കാനാകില്ലെന്നും വിലക്കുകയാണെങ്കില്‍ ഷെയിന്‍ നിഗത്തെ വച്ച്‌ സിനിമ ചെയ്യുമെന്ന് സംവിധായകന്‍ രാജീവ് രവി അറിയിച്ചു.
മോഹന്‍ലാലും മമ്മൂട്ടിയുമായി താരതമ്യം ചെയ്യുന്നതിന് പകരം പ്രായം കണക്കിലെടുത്ത് ഷെയ്നിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഷെയ്‌നിന്റെ പ്രായം വെറും 22 വയസാണ്. ചെറിയ പയ്യനാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവന്‍ പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പുണ്ടെന്നും രാജീവ് രവി പറഞ്ഞു.”50-60 വയസ്സുള്ള ആളുകള്‍ ഇരുന്ന് 22കാരനെ വിധിക്കുമ്ബോള്‍ അവരൊക്കെ ആ പ്രായത്തില്‍ എന്തൊക്കെയാണ് ചെയ്തിരുന്നത് എന്ന് ചിന്തിക്കണം. എന്തിനാണ് ഇതില്‍ ഇത്ര വാശി പിടിക്കുന്നത്. സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അതിനുപകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. കൈപിടിച്ചു കൊണ്ടുവരണം. വളരെ കഴിവുള്ള നടനാണ്. പലര്‍ക്കും അതുകൊണ്ട് പേടി ഉണ്ടാകും. എനിക്ക് അവനില്‍ പ്രതീക്ഷയുണ്ട്. അവനെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല. വിലക്കുന്നവര്‍ തന്നെ അവനെ വച്ച്‌ സിനിമ ചെയ്യും.” രാജീവ് രവി പറയുന്നു.