പി.എം.ശ്രീയില്‍ ഒരു സ്കൂളിന് ശരാശരി 1.13 കോടി; NCERT സിലബസ് പിന്തുടരേണ്ടി വരും, പൊതുവിദ്യാലയങ്ങള്‍ രണ്ട് തട്ടിലാവും

നയപരമായും രാഷ്ട്രീയമായും എതിര്‍ത്ത ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനു കീഴടങ്ങിയെന്നാണ് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിമര്‍ശനം. എന്നാല്‍, കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎംശ്രീ നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം.
എന്തൊക്കെ ചെയ്യണം
2023-27 വര്‍ഷത്തേക്കു വിഭാവനം ചെയ്തതാണ് പദ്ധതി. രാജ്യത്ത് 14,500 പിഎം ശ്രീ സ്‌കൂളുകള്‍ വികസിപ്പിക്കുമെന്നാണ് കേന്ദ്രപ്രഖ്യാപനം. ഒരു എലമെന്ററി സ്‌കൂള്‍, ഒരു സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെ ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂളുകള്‍ വീതം.
സംസ്ഥാനത്തെ മുന്നുറോളം പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെ കേന്ദ്രം വികസിപ്പിക്കും. അവ ‘പിഎം ശ്രീ സ്‌കൂളായി തിരിച്ചറിയാവുന്നതരത്തില്‍ പേരും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സഹിതമുള്ള ബോര്‍ഡും സ്ഥാപിക്കും.
എന്താണ് പിഎംശ്രീ
വിദ്യാര്‍ഥികള്‍ക്ക് 21-ാം നൂറ്റാണ്ടില്‍വേണ്ട ശേഷി അഭിമുഖീകരിക്കാനാവുംവിധമുള്ള മാതൃകാവിദ്യാലയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്ത പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎംശ്രീ. 2020-ലെ ദേശീയ വി ദ്യാഭ്യാസനയത്തിന്റെ നിര്‍വഹണവും മികവും പ്രദര്‍ശിപ്പിക്കാനുള്ളതാണ് ഈ വിദ്യാലയങ്ങളെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.

എന്‍ഇപി -പിഎംശ്രീ ബന്ധം
എന്‍ഇപി വ്യവസ്ഥകളെല്ലാം പൂര്‍ണമായി സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്ന് പിഎം ശ്രീ ധാരണാ പത്രം നിര്‍ദേശിക്കുന്നു. പിഎം ശ്രീ സ്‌കൂളില്‍ എന്‍ഇപി ചട്ടക്കൂടനുസരിച്ചുള്ള പാഠ്യപദ്ധതി വേണം. അതിനാല്‍, എന്‍സിഇആര്‍ടി സിലബസ് പിന്തുടരാന്‍ കേരളം നിര്‍ബന്ധിതമാവും. പിഎം ശ്രീ സ്‌കൂളില്‍ കേന്ദ്രസിലബസും മറ്റു സ്‌കൂളുകളില്‍ സംസ്ഥാനസിലബസുമാവുന്നതോടെ, പൊതു വിദ്യാലയങ്ങള്‍ രണ്ടുതട്ടിലാവും.
കേന്ദ്രസമ്മര്‍ദം
പിഎംശ്രീ ഒപ്പിടാത്തതിന്റെ പേരില്‍ 2023-24 അവസാനപാദംമുതല്‍ സമ ഗ്രശിക്ഷാ കേരള(എസ്എസ്‌കെ)ത്തിനുള്ള ഫണ്ട് തടഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 1200 കോടി മരവിപ്പിച്ചു. എസ്എസ്‌കെ പദ്ധതികള്‍ താളംതെറ്റുകയും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ചെയ്‌തോടെ, കേന്ദ്ര സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വ്യാഴാഴ്ച ധാരണാപത്രം ഒപ്പിട്ടു.
സര്‍ക്കാര്‍ വാദം
നയപരമായി ഒട്ടും വീഴ്ചയില്ല. എന്‍ഇപിയിലുള്ള എതിര്‍പ്പ് തുടരും. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാനാണ് പിഎംശ്രീയില്‍ ഒപ്പിട്ടത്.
നിലപാടും നയംമാറ്റവും
വിദ്യാഭ്യാസത്തില്‍ കാവിവത്കരണവും വാണിജ്യവത്കരണവും ലക്ഷ്യമിട്ടാണ് എന്‍ഇപിയെന്നാണ് സിപിഎമ്മും സിപിഐയും സ്വീകരിച്ച നിലപാട്. ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗഗള്‍ഭരണവുമൊക്കെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. ഈ വര്‍ഷം സിപിഎം മധുര പാര്‍ട്ടി കോണ്‍ഗ്രസ് എന്‍ഇപി അപകടകരമാണെന്ന് അടിവരയിട്ടു. പക്ഷേ, പിഎം ശ്രീ നടപ്പാക്കാന്‍ സമ്മതിച്ചതോടെ, കേന്ദ്രസര്‍ക്കാര്‍ നയം തത്ത്വത്തില്‍ കേരളം അംഗീകരിച്ചു.