🗞🏵 *ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ഞായറാഴ്ച ബലിയര്‍പ്പണത്തിന് അനുമതി.* അതേസമയം 20 പേര്‍ക്ക് മാത്രമാണ് പങ്കാളിത്ത അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ മാത്രമാണ് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങളില്‍ ഒഴിവ് നല്‍കിയിരിക്കുന്നത്. അതേസമയം മറ്റൊരു ദിവസവും ഇല്ലാത്ത നിയന്ത്രണം ഞായറാഴ്ച അടിച്ചേല്‍പ്പിച്ച് 20 പേര്‍ക്ക് മാത്രം ആരാധനയ്ക്കു അനുമതി നല്‍കുന്നതിന് പിന്നിലെ യുക്തിയെന്താണ് എന്ന ചോദ്യം നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
🗞🏵 *സംസ്ഥാനത്ത് 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു* എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്.* രോഗ വ്യാപനതോത് നന്നായി കുറയുന്നിട്ടുണ്ട്. രോഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *കെ റെയിൽ പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.* അന്തിമ ലൊക്കേഷന്‍ സര്‍വേ, ലാന്റ് പ്ലാന്‍ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല. പദ്ധതിയിലെ ഗുരുതരമായ പിഴവുകള്‍ ഇ.ശ്രീധരന് ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
🗞🏵 *സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ സംസ്ഥാന ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.* വാട്‌സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും അപമാനിക്കുന്ന തരത്തില്‍ തയാറാക്കിയ അവാസ്തവമായ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരാതി നല്‍കിയിത്. ഹൈടെക് സെല്ലിന് കൈമാറിയ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
🗞🏵 *നിലമ്പൂര കൂറ്റമ്പാറയില്‍ നിന്ന് രണ്ട് കിന്റലോളം കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലായി.* ഗൂഡല്ലൂര്‍ പെരുന്തുറൈ സ്വദേശി ഷാഫി എന്ന ഷാഫിര്‍ അഹമ്മദ് (34), ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി ശിഹാബുദ്ദീന്‍ (35) എന്നിവരെയാണ് സംഭവത്തിൽ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ മൊത്തം 6 പേർ അറസ്റ്റിലായി.
🗞🏵 *പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി.* ക്യാപിറ്റൽ ഹെഡ് ഇനത്തിൽ 72 സ്കൂളുകൾക്കായി 81 കോടി രൂപയും റവന്യൂ ഹെഡ് ഇനത്തിൽ 31 സ്കൂളുകൾക്കായി 41 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
🗞🏵 *നെടുമ്പാശേരിയില്‍ 2013-ല്‍ സ്വര്‍ണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ ചലച്ചിത്ര നടിയെ ചോദ്യം ചെയ്തതിലൂടെ സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്നു.* തമിഴ്, കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെയെയാണ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
🗞🏵 *മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന കേസ് ലോകായുക്ത ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.* നിധിയില്‍ നിന്ന് ചെലവഴിച്ച തുകയുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം നല്‍കി.അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങളെ സഹായിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയെന്നതാണ് ആരോപണം.
🗞🏵 *പ്രോസിക്യൂഷന്‍ പൊലീസിന്റെ മൗത്ത് പീസ് ആകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.* ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നതായും ഫോണുകള്‍ കോടതി ആവശ്യപ്പെട്ട പ്രകാരം കൈമാറിയിരുന്നതായും അഭിഭാഷകൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്ല ശിക്ഷ കൊടുക്കുമെന്ന് പറഞ്ഞത് എങ്ങനെ കുറ്റമാകുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
🗞🏵 *കാലങ്ങളായി ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍.* പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സതീഷ് (38) ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പാലാ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
🗞🏵 *മലപ്പുറം പ്രിയദർശിനി കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ.* മേൽമുറി സ്വദേശിയായ 35 കാരൻ ജുനൈദുള്ളയാണ് പിടിയിലായത്. ഇയാൾക്കെതിരെ കുട്ടികൾ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
🗞🏵 *തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി.* കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വി. നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.
🗞🏵 *ലോകയുക്ത വിഷയത്തില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ അഭിപ്രായങ്ങള്‍ തള്ളി സിപിഎം.* അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ടെന്നും ജലീലിന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ലോകായുക്തയ്‌ക്കെതിരേ ഒരു ഘട്ടത്തിലും സിപിഎം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
🗞🏵 *യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ചോട്ടു എന്ന വളര്‍ത്തുനായയുടെ ജഡം പൊട്ട കിണറില്‍ നിന്ന് കണ്ടെത്തി.* വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ഉടമസ്ഥതയിലുള്ള നായ ആണ് ചോട്ടു. കഴിഞ്ഞ ഞായര്‍ മുതല്‍ നായയെ കാണാതായിരുന്നു.
🗞🏵 *എം. ശിവശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്.* ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സ്വപ്ന പറഞ്ഞു.താൻ ഒരു ഇരയാണ്. എനിക്ക് അറിയാവുന്ന എല്ലാകാര്യങ്ങളും താൻ ആരോടും പറഞ്ഞിട്ടില്ല. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ എഴുതിയെങ്കിൽ മോശമാണ്. ശിവശങ്കർ തന്റെ ജീവിതത്തിൽ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനങ്ങളെടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണ്. ശിവശങ്കർ പറഞ്ഞത് അതേപടി കേട്ടാണ് മുന്നോട്ടുപോയതെന്നും ജൂലൈ അഞ്ച് വരെയുള്ള എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
🗞🏵 *സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.* കെ റെയിൽ കോർപ്പറേഷന്റെ പ്രതീക്ഷിക്കുന്ന വരുമാനം സംബന്ധിച്ച കണക്കുകൾ പ്രാഥമിക പരിശോധനയിൽ വിശ്വസനീയമല്ല. കെ റെയിൽ സമർപ്പിച്ച ഡി.പി. ആറിൽ തൃപ്തിയില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയ ശേഷം പദ്ധതി സംബന്ധിച്ച് പല തലത്തിലുള്ള വിശകലനങ്ങൾ ആവശ്യമാണ്.
🗞🏵 *ഉത്തര്‍പ്രദേശിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനില്‍ക്കെ സമാജ് വാദി പാര്‍ട്ടി ക്യാംപില്‍ ആശങ്ക.* എസ് പി സഖ്യത്തിലെ അപ്‌നാദള്‍ കെ (കമേരവാദി) തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകള്‍ എസ് പിയ്ക്ക് തിരിച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അപ്‌നാദളില്‍ നിന്ന് പിളര്‍ന്നാണ് അപ്‌നാദള്‍ കെ രൂപീകരിക്കുന്നത്. എന്‍ ഡി എ യിലെ സഖ്യകക്ഷിയായി അപ്‌നാദള്‍ എസിന്റെ (സോനേവാള്‍) മുഖ്യ എതിരാളികളാണ് അപ്‌നാദള്‍ കെ. എസ് പി സഖ്യത്തില്‍ അപ്‌നാദള്‍ കെ 18 സീറ്റില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
🗞🏵 *മറ്റൊരു സംസ്ഥാനത്ത് ജനിച്ച് വളർന്ന് ശേഷം രാജസ്ഥാനിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ സംവരണം നൽകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.* വിവാഹശേഷം മറ്റൊരു സംസ്ഥാനത്തുനിന്നും വരുന്ന സ്ത്രീകൾക്ക് എസ്‌സി, എസ്ടി, ഒബിസി എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ ജോലികളിൽ സംവരണം നൽകാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
🗞🏵 *സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ച് ഉത്തര്‍പ്രദേശ് കോടതി.* പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്. സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച് അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ നല്‍കിയ ഹർജിയിലാണ് ഇപ്പോള്‍ കോടതി മോദിക്ക് നോട്ടീസയച്ചത്.
🗞🏵 *ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മികച്ച ടാബ്ലോയ്‌ക്കും, മികച്ച മാർച്ചിംഗ് സംഘങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.* ഏറ്റവും മികച്ച ടാബ്ലേയ്‌ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് ഉത്തർപ്രദേശാണ്. കർണാടകയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ജനപ്രിയ വിഭാഗത്തിൽ മഹാരാഷ്‌ട്രയുടെ നിശ്ചലദൃശ്യത്തിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തിരുന്നത്
🗞🏵 *ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി.* സിപിഎം എംപിമാർ എതിർത്ത് കത്ത് നല്കിയതോടെ രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് വീണ്ടും മാറ്റി. ഏകീകൃത സിവിൽ നിയമത്തിനറെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ വീണ്ടും നിയമകമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് സൂചന.
🗞🏵 *ഉത്തർപ്രദേശ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയ്ക്ക് ‘ഇസഡ് കാറ്റഗറി സുരക്ഷ’ നൽകി കേന്ദ്രസർക്കാർ.* കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ വെടിവെയ്പ്പുണ്ടായതിനെ തുടർന്നാണ് സുരക്ഷ ഏർപ്പെടുത്തിയത്. ഉവൈസിക്ക് നേരെ വധഭീഷണിയും ഉയർന്നു വന്നിരുന്നു.
🗞🏵 *ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റുകൾ ഇന്ത്യയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിലുമുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ രണ്ട് തണ്ണീർത്തടങ്ങൾ കൂടി റാംസർ സൈറ്റുകളായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ 3 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് കേന്ദ്രസർക്കാർ.* പാർലമെന്റ് എഴുതിത്തയ്യാറാക്കിയ മറുപടിയായി ഇത്തരം അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ആണ്.ചന്ദ്രയാൻ 3 യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപത്തെ ചാന്ദ്രദൗത്യത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ മുഖേന, കൂടുതൽ കാര്യക്ഷമമായാണ് ചന്ദ്രയാൻ 3 നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
🗞🏵 *കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ മരുമകൻ അറസ്റ്റിൽ.* ഛന്നിയുടെ അനന്തരവനായ ഭുപീന്ദർ സിഗം ഹണിയാണ് ഇഡി അറസ്റ്റിലായത്. ജലന്ധറിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം അദ്ദേഹത്തെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഭുപീന്ദറിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ്.
🗞🏵 *സ്കൂളിലെ വെയ്റ്റിംഗ് റൂമില്‍ വച്ച് ഹിജാബ് മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജ്.* ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലാണ് ക്ലാസുകളില്‍ ഹിജാബ് ഇല്ലാതെ പ്രവേശിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരത്തില്‍ ക്ലാസില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം.
🗞🏵 *റിപ്പബ്ലിക് ടിവിയ്ക്കെതിരെയുള്ള ടിആർപി കേസ് വ്യാജമായിരുന്നെന്ന് മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ്.* ചാനൽ ഉടമസ്ഥനായ അർണാബ് ഗോസ്വാമിയെ ഏതുവിധേനെയും കുടുക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നു ഈ വ്യാജകേസ് എന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *കോവിഡ് മരണങ്ങള്‍ കുറച്ചു കാണിച്ച് കണക്കുകളില്‍ കൃത്രിമത്വം കാണിച്ച കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് എത്തി.* കേരളം കൊറോണ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിലാണ് വിമര്‍ശനം. കൃത്യസമയത്ത് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള മോഡലിനെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചത്.
🗞🏵 *പരിശുദ്ധ സിംഹാസനവും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ കേന്ദ്രമായ പുതിയ അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചർ ഉദ്ഘാടനം ചെയ്തു.* അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യേക കുർബാന അര്‍പ്പണത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ പകരക്കാരനായ ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ഊഷ്മളമായ ആശംസകളും യുഎഇയോടുള്ള ആത്മീയ അടുപ്പവും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺഷിയേച്ചറിന്റെ ഭൗതിക സാന്നിധ്യം, രാജ്യത്തെ കത്തോലിക്ക സമൂഹത്തോടുള്ള പരിശുദ്ധ പിതാവിന്റെ അജപാലന ഐക്യത്തിന്റെ മറ്റൊരു അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ യുഎഇ സന്ദര്‍ശനത്തിന് മൂന്നു വര്‍ഷം.* 2019 ഫെബ്രുവരി മൂന്നിനാണ് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ അറബ് മണ്ണിലേക്ക് യാത്ര തിരിച്ചത്. അബുദാബിയിലെ അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്ക് രാജകീയമായ വരവേല്‍പ്പാണ് ഭരണകൂടം നല്‍കിയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടക്കം പ്രമുഖ രാജകുടുംബാംഗങ്ങൾ വിമാനത്താവളത്തില്‍ എത്തിയിരിന്നു.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
*ഇന്നത്തെ വചനം*
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും.
പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ.
ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്‌ഷമിക്കും.
മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.
മത്തായി 6 : 5-15
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
*വചന വിചിന്തനം*
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ക്രൈസ്തവ പ്രാർത്ഥനയുടെ ഹൃദയമാണ്. ക്രിസ്തീയ ആത്മീയത എന്താണെന്ന് ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. ഞങ്ങളുടെ പിതാവേ എന്നു വിളിച്ച് ഇത് ക്രൈസ്തവ സാഹോദര്യം വ്യക്തമാക്കുന്ന പ്രാർത്ഥനയാണ്. ദൈവഹിതം നിറവേറാനുള്ള പ്രാർത്ഥനയാണ്. നിലനിൽപ്പിന് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ലഭിക്കാനുള്ള പ്രാർത്ഥനയാണ്. ക്ഷമ നൽകാനും ലഭിക്കാനും പ്രലോഭനത്തിലും തിൻമയിലും വീഴാതിരിക്കാനും ഉള്ള പ്രാർത്ഥനയാണ്. കർത്താവിൻ്റെ മനസിനോട് ചേർന്ന് പ്രാർത്ഥിക്കാൻ ഇതു നമ്മെ പ്രാപ്തരാക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*