കര്‍ണാടകയിലെ ഹാസനില്‍ 45 ദിവസത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചത് 30 പേര്‍. വ്യാഴാഴിച്ച മാത്രം നാല് പേരാണ് മരിച്ചത്. മൈസൂരില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ തുടര്‍ച്ചയായുള്ള ഹൃദയാഘാത മരണങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കോവിഡ് വാക്സീന്റെ പാര്‍ശ്വ ഫലമാകാം മരണകാരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പങ്കിട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് ആരോപണം നിഷേധിച്ചു. ജനുവരി മുതല്‍ മെയ് വരെ 6943 പേരാണ് ഹൃദയാഘാതംമൂലം കര്‍ണാടകയില്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഈ കാലയളവില്‍ ഹാസനില്‍ 183 പേര്‍ മരിച്ചു. ഒരു മാസം ശരാശരി 36 മരണം.
ഹാസനില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് പത്തംഗ സമിതിക്ക് രൂപം നല്‍കി. ജീവിതശൈലീ രോഗങ്ങളുള്ളവരാണ് മരിച്ചവരിലേറെയും എന്നാണ് വിവരം.
മരിച്ചവരിലേറെയും 50 വയസില്‍ താഴെയുള്ളവരാണ്. അഞ്ച് പേര്‍ 20 ല്‍ താഴെയുള്ളവരും. ഹൃദയാരോഗ്യ പ്രശ്നമൊന്നുമില്ലാത്തവരാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചതോടെ കാരണം കണ്ടെത്തി പ്രതിവിധിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കി.