പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷവും താന്‍ ഇടപെട്ടിട്ടാണ് പരിഹരിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തള്ളി വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ വെടിനിര്‍ത്തലിന് സമ്മതിച്ചത് അമേരിക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്നും അദേഹം പറഞ്ഞു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെന്നും പാകിസ്ഥാന്‍ ആക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നല്‍കിയെന്നും ന്യൂസ് വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.
‘മെയ് ഒമ്പതിന് രാത്രി പാകിസ്ഥാന്‍ ഇന്ത്യയില്‍ വളരെ വലിയ ആക്രമണം നടത്താന്‍ പോകുകയാണെന്ന് വൈസ് പ്രസിഡന്റ് വാന്‍സ് പ്രധാനമന്ത്രി മോഡിയോട് പറഞ്ഞപ്പോള്‍ ഞാന്‍ മുറിയില്‍ ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ ഞങ്ങള്‍ അംഗീകരിച്ചില്ല. പാകിസ്ഥാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നത് പ്രധാനമന്ത്രി ഗൗനിച്ചില്ല. നേരെമറിച്ച്, നമ്മുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദേഹം സൂചിപ്പിച്ചു-‘ ജയശങ്കര്‍ പറഞ്ഞു.
അടുത്ത ദിവസം രാവിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിളിക്കുകയും പാകിസ്ഥാന്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്തു. പിന്നീട്, പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (ഡിജിഎംഒ) മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടതായി ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ തന്റെ ഇടപെടലാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് ട്രംപ് പലവട്ടം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ സൈനിക ശക്തിക്ക് ഏറ്റ തിരിച്ചടിയാണ് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിക്കാന്‍ രാജ്യത്തെ നിര്‍ബന്ധിതരാക്കിയതെന്നും ഇന്ത്യ അതിന് അനുമതി നല്‍കുകയായിരുന്നുവെന്നും ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.