ബംഗളുരുവില്‍ വൻ മയക്കുമരുന്ന് വേട്ട. 6.77 കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ 9 മലയാളികളെയും ഒരു വിദേശപൗരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് മലയാളികള്‍ ഉള്‍പ്പെടെയുളള സംഘങ്ങള്‍ അറസ്റ്റിലായത്.

ഒരു മലയാളി ഒറ്റയ്ക്ക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായി. ഇയാളുടെ കൈയില്‍ നിന്ന് 3.5 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും രണ്ടുകോടി രൂപയും പിടിച്ചെടുത്തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എട്ടുപേരടങ്ങുന്ന മറ്റൊരു സംഘത്തിന്റെ കൈയില്‍ നിന്നും 27 ലക്ഷം രൂപ വില വരുന്ന 110 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.വിദേശപൗരനില്‍ നിന്ന് നാലരക്കോടി വിലവരുന്ന വിവിധയിനം വിദേശ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം ബംഗളുരുവില്‍ കൊണ്ടുവന്ന് വാടകയ്ക്ക് മുറിയെടുത്ത് അവിടെവച്ച് കൂട്ടിയോജിപ്പിച്ച് മറ്റ് ലഹരിപദാര്‍ത്ഥങ്ങളാക്കി വീര്യം കൂട്ടി വില്‍ക്കാനുളള തയ്യാറെടുപ്പായിരുന്നു ഇവര്‍. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.