മ്യാൻമറില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു കത്തോലിക്ക ദേവാലയം കൂടി തകര്‍ന്നു. ചിൻ രൂപതയിലെ ഫലാം പട്ടണത്തിലെ ക്രിസ്തുരാജ കത്തോലിക്ക ദേവാലയമാണ് തകർന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഏകദേശം ആയിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമ്മിച്ച ദേവാലയമായിരിന്നു നിമിഷ നേരം കൊണ്ട് സൈന്യം തകര്‍ത്തത്.
75 വർഷമായി നിലനിന്നിരുന്ന ചെറിയ ചാപ്പലിന് പകരമായി, കഴിഞ്ഞ വർഷം നവംബറിലാണ് ദേവാലയം കൂദാശ ചെയ്തത്. ആഭ്യന്തര യുദ്ധത്തിനിടയിൽ പ്രാർത്ഥിക്കാനും കൂദാശകളില്‍ പങ്കുചേരാനും തങ്ങള്‍ക്ക് സ്വന്തമായ ഒരു ഇടം എന്ന നിലയിലായിരിന്നു ദേവാലയത്തെ നോക്കികണ്ടിരിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
മാർച്ച് 16 ഞായറാഴ്ച വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന് ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം അഗ്നിയ്ക്കിരയാക്കിയിരിന്നു. മാർച്ച് മൂന്നാം തീയതി ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലന കേന്ദ്രവും സൈന്യം തകർത്തിരുന്നു.