ബ്രിട്ടന്‍ തീരത്ത് വടക്കന്‍ കടലില്‍ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വന്‍ തീ പിടിത്തം. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി കരയില്‍ എത്തിച്ചതായി ഗ്രിംസ്ബി തുറമുഖ ഡയറക്ടര്‍ മാര്‍ട്ടിന്‍ ബോയേഴ്‌സ് എഎഫ്പിയോട് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനായി ആംബുലന്‍സുകള്‍ കടലില്‍ നില ഉറപ്പിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.
അപകടത്തില്‍പ്പെട്ട കപ്പലിലെ ജീവനക്കാരില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് സ്വീഡിഷ് കപ്പല്‍ സ്റ്റെന ബള്‍ക്കിന്റെ വക്താവ് ലെന ആല്‍വ്‌ലിങ് പറഞ്ഞു.
ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തീരത്ത് ടാങ്കറും ചരക്ക് കപ്പലും തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്ന് യു.കെ കോസ്റ്റ് ഗാര്‍ഡ് വക്താവ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന മലിനീകരണ സാധ്യത കണക്കിലെടുത്ത് സ്വീകരിക്കേണ്ട നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. തീരത്ത് നിന്ന് ഏകദേശം 16 കിലോ മീറ്റര്‍ അകലെ കട്ടിയുള്ള കറുത്ത പുകയും തീജ്വാലകളും ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.