ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്‌ രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി.

വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.എല്‍. മീണ, അഡ്വ. ആര്‍.സി. കൊഡേകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. 45 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഭരണഘടനയുടെ 75 വര്‍ഷം ആഘോഷിക്കുകയാണ്. എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്താന്‍ ഏകസിവില്‍ കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കല്‍, ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്, മുത്തലാഖ് എന്നീ വിഷയങ്ങളില്‍ വാഗ്ദാനം പാലിച്ചു. അതേദിശയില്‍, മോദിയുടെ പ്രതിജ്ഞകള്‍ നടപ്പിലാക്കാനാണ് ഗുജറാത്തും അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.