ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇത് അഭിമാന നിമിഷം. വിശ്വാസി സമൂഹത്തിന്റെ ചിരകാല സ്വപ്‌നത്തിന് പരിസമാപ്തി കുറിച്ച് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഭക്തിസാന്ദ്രവും പൈതൃക സമ്പന്നവുമായ ചടങ്ങില്‍ കൂദാശ ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിലാണ് ഈ സുദിനത്തില്‍ ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു കത്തീഡ്രല്‍ ദേവാലയം എന്ന സ്വപ്‌ന സാഫല്യമുണ്ടായത്.
പുതുമോടിയോടെ വിളങ്ങി നിന്ന ദേവാലയത്തില്‍ മെല്‍ബണ്‍ സമയം ഇന്നു രാവിലെ ഒന്‍പതിനാണ് കൂദാശ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെത്രന്മാര്‍, വൈദികര്‍, സന്യസ്തര്‍, രണ്ടായിരത്തിലേറെ വിശ്വാസികള്‍, ഓസ്‌ട്രേലിയയിലെ രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
രാവിലെ 7.30 നു തന്നെ ദേവാലയത്തില്‍ വിശ്വാസികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട പിടിച്ച മാതൃവേദി അംഗങ്ങളും വെള്ള ഉടുപ്പുകളിട്ട ബാലികമാരും വിശിഷ്ടാതിഥികളെ എതിരേറ്റു.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ കത്തീഡ്രല്‍ കവാടത്തിലെ റിബണ്‍ മുറിച്ച് കൂദാശാ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്‍പതരയോടെ അള്‍ത്താര സംഘത്തിന്റെ അകമ്പടിയോടെ തിരുവസ്ത്രങ്ങളണിഞ്ഞ മുഖ്യകാര്‍മ്മികനും സഹകാര്‍മ്മികരും ശുശ്രൂഷികളും പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. 40 പേരടങ്ങുന്ന ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ദേവാലയ അന്തരീക്ഷത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.