ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജ് വിദ്യാര്‍ഥിനി അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ മൂന്ന് വിദ്യാര്‍ഥിനികള്‍ പൊലീസ് കസ്റ്റഡിയില്‍. മരിച്ച അമ്മുവിന്റെ സഹപാഠികളായ വിദ്യാര്‍ഥിനികളെയാണ് ഇന്ന് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്.
രണ്ട് പേര്‍ കോട്ടയം സ്വദേശിനികളും ഒരാള്‍ പത്തനാപുരം സ്വദേശിനിയുമാണ്. വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടനെ പത്തനംതിട്ടയില്‍ എത്തിക്കും.
ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാം വര്‍ഷ വിദ്യാര്‍ഥി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കോളജില്‍ സഹപാഠികളായ ചില പെണ്‍കുട്ടികള്‍ അമ്മുവിനെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ അഖില്‍ സജീവ് പറഞ്ഞിരുന്നു. മരണത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യ മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും അഖില്‍ പറഞ്ഞു.