സിംഗപ്പൂരില്‍ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വൈദികന് കുത്തേറ്റു. നവംബർ 9 ശനിയാഴ്ച വൈകുന്നേരം 5.30 ന് കുർബാന അര്‍പ്പിക്കുന്നതിനിടെ ബുക്കിറ്റ് തിമയിലെ സെൻ്റ് ജോസഫ്സ് പള്ളി ഇടവക വികാരിയായ ഫാ. ക്രിസ്റ്റഫർ ലീയെ കത്തിയുമായി ഒരാൾ ആക്രമിക്കുകയായിരിന്നുവെന്ന് സിംഗപ്പൂർ അതിരൂപത പ്രസ്താവനയിൽ അറിയിച്ചു. അതിരൂപതയുടെ എമര്‍ജന്‍സി ടീം അക്രമിയെ കീഴ്‌പ്പെടുത്തി.

പരിക്കേറ്റ വൈദികനെ സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സിൽ നിന്നുള്ളവര്‍ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ദേവാലയത്തിൽ വിശുദ്ധ കുർബാന ആചരിക്കുന്നതിനിടെയുണ്ടായ അക്രമത്തിൽ അത്യന്തം ഞെട്ടലുണ്ടെന്ന് സിംഗപ്പൂർ ആർച്ച് ബിഷപ്പ്, കർദിനാൾ വില്യം ഗോ പറഞ്ഞു. ഈ ആക്രമണത്തിന് ദൃക്‌സാക്ഷികളായ കുട്ടികളിലും മറ്റ് എല്ലാവരിലും ഉണ്ടാക്കിയേക്കാവുന്ന മാനസിക ആഘാതത്തെക്കുറിച്ചും വളരെയധികം ആശങ്കയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സിംഗപ്പൂർ പോലീസ് സേന കേസ് എടുത്തിട്ടുണ്ട്.