കര്‍ണാടകയിലെ 54 ചരിത്ര സ്മാരകങ്ങളില്‍ അവകാശം ഉന്നയിച്ച് വഖഫ് ബോര്‍ഡ്. ബിദാര്‍, ഗോല്‍ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാന്‍, കലബുറഗി കോട്ടകള്‍ അടക്കമുള്ള പുരാവസ്തു സ്മാരകങ്ങള്‍ ഇതില്‍പ്പെടും. വിജയപുരയിലെ കൃഷിഭൂമിക്ക് പിന്നാലെയാണ് പുതിയ അവകാശവാദം.

ആദില്‍ ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിജയപുരയിലെ 43 സ്മാരകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2005 ലാണ് ഇതെല്ലാം വഖഫ് ബോര്‍ഡ് വഖഫ് സ്വത്തുക്കളായി നിശ്ചയിച്ചതെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ(എഎസ്ഐ) മേല്‍നോട്ടത്തിലുള്ള സ്മാരകങ്ങള്‍ക്ക് മേല്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുന്നത് വിചിത്രമാണ്. എഎസ്ഐയുമായി കൂടിയാലോചിക്കാതെയാണ് വഖഫ് സ്മാരകങ്ങളെന്ന പേരിലുള്ള അവകാശവാദം.

1958 ലെ ഏന്‍ഷ്യന്റ് മോണുമെന്റ്സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ട് (എഎംഎഎസ്ആര്‍) പ്രകാരം എഎസ്ഐയുടെ സംരക്ഷണത്തിലും അധികാരപരിധിയിലുമുള്ളതാണ് ഈ സ്മാരകങ്ങള്‍. അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം എഎസ്ഐ വസ്തുവകകള്‍ കൈമാറ്റം ചെയ്യാനോ ഡീനോട്ടിഫൈ ചെയ്യാനോ കഴിയില്ല.

രേഖകള്‍ പ്രകാരം 2005 ലെ വഖഫ് അവകാശ പ്രഖ്യാപനം നടത്തിയിരിക്കുന്നത് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജയപുരയിലെ വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് മൊഹ്‌സിനാണ്.

വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളില്‍ ഹംപി എഎസ്ഐ സര്‍ക്കിളിലെ ആറ് സ്മാരകങ്ങളും ബെംഗളൂരുവിലെ നാല് സ്മാരകങ്ങളും ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും ഉള്‍പ്പെടുന്നു.

പുരാവസ്തു സ്മാരകങ്ങള്‍ കൈയേറി അറ്റകുറ്റപ്പണികള്‍ നടത്തിയതുമൂലം ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന ചരിത്രസ്മാരകങ്ങള്‍ വികലമാക്കി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള ഇടങ്ങളിലാണ് ഈ അനധികൃത പരിഷ്‌കരണം.

കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2007 മുതല്‍ വിജയപുര ഡെപ്യൂട്ടി കമ്മിഷണര്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കര്‍ണാടക ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.