മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയതിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യന്‍ മതാചാര പ്രകാരം പള്ളിയില്‍ സംസ്‌കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. ഇതാണ് ഹൈക്കോടതി തള്ളിയത്.എംഎം ലോറന്‍സിന്റെ മകന്‍ സജീവനായിരുന്നു പിതാവിന്റെ മൃതദേഹം പഠനാവശ്യങ്ങള്‍ക്കായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കുമെന്ന് അറിയിച്ചത്. പിതാവ് ജീവിച്ചിരുന്നപ്പോള്‍ അങ്ങനെയൊരു ആവശ്യം വാക്കാല്‍ പറഞ്ഞിരുന്നുവെന്നും മകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതിന് യാതൊരു തെളിവുമില്ലെന്ന് ആശാ ലോറന്‍സ് ചൂണ്ടിക്കാട്ടിയെങ്കിലും മകന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു കോടതി.
വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൂടാതെ രണ്ട് സാക്ഷികളെ മകന്‍ ഹാജരാക്കുകയും ചെയ്തു. അവസാനകാലത്ത് മകനോടൊപ്പമായിരുന്നു ലോറന്‍സ് കഴിഞ്ഞിരുന്നത് എന്നുള്ളതടക്കം കോടതി പരിഗണിച്ചു. തുടര്‍ന്നാണ് മകന്‍ സജീവന്റെ നിലപാടിനെ കോടതി അംഗീകരിച്ചത്. ഈ സാഹചര്യത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജിന്റെ അനാട്ടമി വിഭാഗത്തിലേക്ക് കൈമാറുന്നതിന് മറ്റ് തടസങ്ങളില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ആശാ ലോറന്‍സിന്റെ പ്രതികരണം. നീതി ലഭിക്കാന്‍ അവസാനം വരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.