കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ സര്‍പ്രൈസ് എന്‍ട്രി ചര്‍ച്ചയായി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരുവില്‍ നിന്ന് പ്രിയങ്ക ഗാന്ധി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. വയനാട്ടിലെ യാത്രയ്ക്കിടെ സര്‍പ്രൈസ് സന്ദര്‍ശനം നടത്തി വീട്ടുകാരെ ഞെട്ടിക്കുകയും ചെയ്തു പ്രിയങ്ക.

മൈസൂരില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ള യാത്രയിലാണ് കുമാരന്‍കുളം കൊച്ചുത്രേസ്യയുടെ വീട് പ്രിയങ്ക സന്ദര്‍ശിച്ചത്. ജപമാല മാസം ആയതുകൊണ്ട് തന്നെ വീട്ടിലെത്തിയ അതിഥിയെ കൊന്തയും മധുരവും നല്‍കിയാണ് കൊച്ചുത്രേസ്യയും കുടുംബവും സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീട്ടുകാരിലൊരാളായി കുടുംബത്തിന്റെ സ്നേഹം പ്രിയങ്ക ഏറ്റുവാങ്ങി. പ്രിയങ്കയെ കാണണമെന്നത് കൊച്ചുത്രേസ്യയുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. അപ്രതീക്ഷിതമായി പ്രിയങ്കയെ കണ്ടപ്പോള്‍ കൊച്ചുത്രേസ്യ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് പ്രിയങ്ക മടങ്ങിയത്. ജീവിതത്തില്‍ ലഭിച്ച ഭാഗ്യമാണ് പ്രിയങ്കയെ കണ്ടതെന്ന് കൊച്ചുത്രേസ്യ പറഞ്ഞു.

വയനാട്ടില്‍ നിന്ന് ലഭിച്ച ആദ്യത്തെ സമ്മാനമായ കൊന്ത പണ്ട് മദര്‍ തെരേസ നല്‍കിയ കൊന്തയ്‌ക്കൊപ്പം സൂക്ഷിക്കുമെന്ന് പ്രിയങ്ക പറഞ്ഞതും കൊച്ചുത്രേസ്യയും കുടുംബവും മാധ്യമങ്ങളോട് പങ്കുവച്ചു.

സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി ഇന്ന് രാവിലെ പതിനൊന്നോടെ കല്‍പ്പറ്റയില്‍ എത്തും. ഇവിടെ നിന്നും തുടങ്ങുന്ന റോഡ് ഷോയോട് കൂടി പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമാകും.

ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കല്‍പറ്റയിലെത്തും. ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തുന്ന രാഹുല്‍ ഹെലികോപ്ടറിലാവും കല്‍പറ്റയിലെത്തുക. 11:10 നാണ് കല്‍പറ്റയില്‍ നിന്ന് റോഡ് ഷോ ആരംഭിക്കുന്നത്. പ്രിയങ്കയും രാഹുലും റോഡ് ഷോയില്‍ പങ്കെടുക്കും.