സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് മുന്നണിയിലെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജന വിഭാഗം.

‘പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണമെന്നും’ യൂത്ത് ഫ്രണ്ട് എം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ നേതൃ യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് യൂത്ത് ഫ്രണ്ടിന്റെ മറുപടി.

കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന സിപിഐ ജില്ലാ നേതൃയോഗത്തില്‍ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ കടലാസ് പുലിയെന്നാണ് സിപിഐ വിമര്‍ശിച്ചത്.

ഇതിനെതിരയാണിപ്പോള്‍ യുവജന വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. ‘കേരള കോണ്‍ഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് വിശേഷിപ്പിച്ച സിപിഐ കടലാസിലെ പുലി പോലുമല്ലെന്നും’ യുത്ത് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു