സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന് ആശ്വാസമായി അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഉത്തരവുണ്ടാകുന്നത്. രണ്ട് ആഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 2016 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് അതിജീവതയുടെ പരാതി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിക്ഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടനെ പിടികൂടാത്തതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

ലൈംഗിക പീഡനപരാതിയില്‍ തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന് മുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് എന്നാണ് വിവരം.

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. തങ്ങളുടെ ഭാഗം കൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.