ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്രള്ളയെ വധിച്ചതിന് പിന്നാലെ രാജ്യത്ത് കനത്ത സുരക്ഷ ഒരുക്കി ഇസ്രയേല്‍. ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
വടക്കന്‍ ഇസ്രയേലില്‍ പൊതു സ്ഥലങ്ങളില്‍ പത്തും ഓഡിറ്റോറിയം പോലുള്ള സ്വകാര്യ ഇടങ്ങളില്‍ 150 പേരിലധികവും ഒത്തു ചേരലുകള്‍ നടത്തരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
തലസ്ഥാന നഗരമായ ടെല്‍ അവീവ് ഉള്‍പ്പെടുന്ന മധ്യ ഇസ്രയേലില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിരോധിച്ചു. ആവശ്യം വന്നാല്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ അറിയിക്കുമെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹാഗാരി വ്യക്തമാക്കി.
ടെല്‍ അവീവിലേക്കുള്ള മിക്ക വിമാന സര്‍വീസുകളും റദ്ദാക്കി. ചില വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് വൈകുന്നേരം ആറ് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം നസ്രള്ള വധത്തില്‍ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഹിസ്ബുള്ള നേതാവിന്റെ ഛായാ ചിത്രങ്ങള്‍ വഹിച്ചും ‘ഇസ്രയേല്‍ തുലയട്ടെ, അമേരിക്ക തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധക്കാര്‍ തെരുവുകളില്‍ ഇറങ്ങി.
അതിനിടെ ലബനനിലെ ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ഡസന്‍ കണക്കിന് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് പവര്‍ സ്റ്റേഷനുകളും തുറമുഖവും ഉള്‍പ്പെടെ യെമനിലെ നിരവധി ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
നേരത്തേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിന്ന് മടങ്ങി വരും വഴി ഇസ്രയേല്‍ വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേല്‍ നഗരമായ ലുദ്ദിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് ഹൂതികള്‍ മിസൈല്‍ അയച്ചത്. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം അവയെ നിഷ്പ്രഭമാക്കി