അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് തമിഴ്നാട് കോയമ്പത്തൂരിൽ നിന്നുള്ള യുവതിയെ തെരഞ്ഞെടുത്ത് വത്തിക്കാന്‍. സെപ്‌റ്റംബർ 25-ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയാണ് ഡോ. ഫ്രേയ ഫ്രാൻസിസ് എന്ന ഇരുപത്തിയേഴുകാരിയെ അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് (IYAB) നിയമിച്ചിരിക്കുന്നത്.

ജീസസ് യൂത്ത് മൂവ്‌മെൻ്റിൽ നിന്നുള്ള ഡോ. ഫ്രേയ മൂന്ന് വർഷത്തെ കാലയളവിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. കത്തോലിക്ക വിശ്വാസത്തോടും സഭാപ്രബോധനങ്ങളും ആഴത്തിലുള്ള പ്രതിബദ്ധതയും പ്രോലൈഫ് വിഷയങ്ങളില്‍ സ്വീകരിക്കുന്ന ശക്തമായ നിലപാടും കൊണ്ട് ശ്രദ്ധ നേടിയ യുവതിയാണ് ഡോ. ഫ്രേയ. മനുഷ്യജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലക്കൊള്ളുന്ന വ്യക്തി കൂടിയാണ് ഡോ. ഫ്രേയയെന്ന് കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിഗ്നൻ ദാസ് പറഞ്ഞു.

ആഗോള കത്തോലിക്കാ ചർച്ചകളിൽ ഇന്ത്യയില്‍ നിന്നുള്ളവരുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിയുന്നതാണ് നിയമനമെന്ന് സി‌ബി‌സി‌ഐ പ്രസ്താവിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും വിശ്വാസ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള 20 യുവജനങ്ങള്‍ IYAB-ൽ ഉൾപ്പെടുന്നു. യുവജന ശുശ്രൂഷയിലും സഭയ്ക്കുള്ളിലെ മറ്റ് പ്രധാന വിഷയങ്ങളിലുമാണ് കൂട്ടായ്മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.