നിലമ്പൂരിലെ പൊതു സമ്മേളനത്തിന് പിന്നാലെ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് നിന്ന് കോടികളുടെ സ്വര്‍ണവും ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അന്‍വറിന്റെ പേരെടുത്ത് പറയാതെയാണ് അദേഹം വിമര്‍ശനം ഉന്നയിച്ചത്.
പ്രതിപക്ഷം മാത്രമല്ല, ആര്‍എസ്എസ് ഉള്‍പ്പെടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിടുന്നവര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സര്‍ക്കാരിനേയും ആക്രമിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നില്‍ ഇതാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫിന് അടിപതറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2019 നെ അപേക്ഷിച്ച് 2024 ല്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം കുറഞ്ഞു. അതേസമയം, എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ നേരിയ വര്‍ധനവുണ്ടായെന്നും അദേഹം വ്യക്തമാക്കി.
വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ പിണറായി വ്യക്തമായ മറുപടി നല്‍കിയില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. വ്യക്തികള്‍ക്ക് തീരുമാനം എടുക്കാനാവില്ല. 75 വയസ് പ്രായപരിധി നടപ്പാക്കും. എന്നാല്‍ തന്റെ കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലവും പാര്‍ട്ടിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.