വിശുദ്ധ നാട്ടില്‍ സംഘര്‍ഷ ഭീതിയിലാക്കി ഇസ്രായേല്‍- ഹമാസ് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ജെറുസലേം പാത്രിയാര്‍ക്കീസിന്റെ ആഹ്വാനം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയാണ് ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിക്കുന്നത്.
ഒക്‌ടോബർ മാസം അടുത്തുവരികയാണ്, കഴിഞ്ഞ ഒരു വർഷമായി വിശുദ്ധ ഭൂമി ചുഴലിക്കാറ്റിൽ മുങ്ങിയിരിക്കുകയാണെന്ന തിരിച്ചറിവുണ്ട്. മുമ്പൊരിക്കലും കാണാത്തതോ അനുഭവിക്കാത്തതോ ആയ അക്രമത്തിൻ്റെയും വെറുപ്പിൻ്റെയും സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 12 മാസങ്ങളിൽ കണ്ട ദുരന്തങ്ങളുടെ തീവ്രതയും ആഘാതവും മനസ്സാക്ഷിയെയും മനുഷ്യത്വബോധത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രസ്താവിച്ചു.ഒക്ടോബർ 7 ന് പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും ദിവസത്തിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. ഒക്ടോബർ മാസം മരിയൻ മാസമാണ്. ഒക്ടോബർ 7 ന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമാണ്. നമുക്ക് ഓരോരുത്തർക്കും, ജപമാലയോടോ അല്ലെങ്കിൽ അനുയോജ്യമെന്ന് തോന്നുന്ന മറ്റ് രൂപത്തിലോ പ്രാർത്ഥിക്കാൻ സമയം കണ്ടെത്താം. സമാധാനത്തിനും അനുരഞ്ജനത്തിനുമായാണ് പ്രാര്‍ത്ഥന ഉയര്‍ത്തേണ്ടതെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിൽ 1,200 ഇസ്രായേലികളെ ഹമാസ് ഭീകരർ കൊലപ്പെടുത്തി, 251 സാധാരണക്കാരെ അധികമായി ബന്ദികളാക്കി. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് പോരാളികൾ ഉൾപ്പെടെ മൊത്തം 40,005 പാലസ്തീൻകാരും വെസ്റ്റ്ബാങ്കിൽ 623 പേരും കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പാലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്കിയിരിക്കുന്നത്.