ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ബയ്റൂട്ടിന് സമീപത്ത് നടന്ന ആക്രമണത്തിലാണ് ഇബ്രാഹിം ഖുബൈസിയെന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐ.ഡി.എഫ്) പറയുന്നു.
ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റ് രണ്ട് ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ്-മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണെന്നാണ് ഐ.ഡി.എഫ് വ്യക്തമാക്കുന്നത്. ഇസ്രയേലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നവരെയാണ് വകവരുത്തിയതെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി.
ഖുബൈസി കൊല്ലപ്പെട്ട വിവരം ഹിസ്ബുള്ളയും സ്ഥിരീകരിച്ചിട്ടുണ്ട്. രക്തസാക്ഷിത്വം എന്നാണ് ഖുബൈസിയുടെ മരണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചിരിക്കുന്നത്. 1980 കളില്‍ ഹിസ്ബുള്ളയുടെ ഭാഗമായ ഖുബൈസി ഏറെ വൈകാതെ മിസൈല്‍-റോക്കറ്റ് ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. വളരെ കൃത്യതയോടെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഖുബൈസിയാണ്.
ഇസ്രയേല്‍ സൈന്യത്തിനെതിരായ ഹിസ്ബുള്ളയുടെ നീക്കങ്ങളില്‍ ഖുബൈസി വഹിച്ചിരുന്ന പങ്ക് നിര്‍ണായകമായിരുന്നു. 2000 ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവെന്നാണ് വിവരം. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2004 ല്‍ തടവുകാരെ പരസ്പരം കൈമാറുന്ന നടപടിക്കിടെ ഈ മൂന്ന് സൈനികരുടെ മൃതദേഹങ്ങളും അവര്‍ ഇസ്രയേലിന് കൈമാറിയിരുന്നു.