ലോകത്തിലുള്ള എല്ലാ ക്രിസ്ത്യാനികളും ഇനി മുതൽ ഒരേ ദിവസം കർത്താവിൻ്റെ പുനരുത്ഥാനം ആഘോഷിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. പാസ്ക്വ ടുഗതർ 2025 ഇനിഷ്യേറ്റീവിൻ്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പാപ്പായുടെ പ്രസ്താവന.

2025 ൽ ദൈവപുത്രൻ്റെ ദൈവിക സ്വഭാവം വ്യക്തമാക്കുകയും സഭയ്ക്ക് നിസീൻ വിശ്വാസ പ്രമാണം നൽകുകയും ചെയ്ത നിഖ്യായിലെ ഒന്നാം എക്യുമെനിക്കൽ കൗൺസിലിൻ്റെ 1,700-ാം വാർഷികം ക്രിസ്ത്യാനികൾ അനുസ്മരിക്കുന്ന അതുല്യമായ അവസരം വ്യർഥമായി കടന്നുപോകാൻ അനുവദിക്കരുതെന്ന് പാപ്പ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ വിവിധ സഭകൾ ഈസ്റ്റർ പല ദിവസങ്ങളിൽ ആഘോഷിക്കാറുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പലരും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

നാം മുൻകൈ എടുക്കുന്നതുകൊണ്ടോ ഏതെങ്കിലും കലണ്ടറുകാരണമോ അല്ല ഈസ്റ്റർ നടക്കുന്നതെന്ന് മാർപാപ്പ ചൂണ്ടിക്കാണിച്ചു. “ദൈവം തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന് അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചതുകൊണ്ടാണ് ഈസ്റ്റർ സംഭവിച്ചത്,’ പാപ്പ പറഞ്ഞു.

“ഈസ്റ്റർ ക്രിസ്തുവിൻ്റേതാണ്! നാം പിന്തുടരേണ്ട വഴി കാണിച്ചുതരാൻ അവനെ അനുവദിച്ചുകൊണ്ട്, അവൻ്റെ ശിഷ്യന്മാരായി എന്നേക്കും കൃപ ചോദിക്കുന്നത് നല്ലതാണെന്നും പാപ്പ പറഞ്ഞു.