ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി കലാപത്തില്‍ 50 പേര്‍ മരിച്ചു. 200-ലധികം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തെ എല്ലാ സ്‌കൂളുകളും ഓഫീസുകളും അടച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതിനാല്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനരഹിതമായി. കഴിഞ്ഞ രണ്ടാം തീയതി മുതല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് പൊലീസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. രാജ്യത്ത് മറ്റിടങ്ങളിലും അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരായ അക്രമിസംഘവും, പൊലീസും, ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.