മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താല്‍ക്കാലിക ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ മാത്രം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചത്. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് താല്‍ക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയില്‍ 120 ഉം, കാസര്‍കോട് പതിനെട്ടും താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍ഗോഡ് 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്.മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതില്‍ സയന്‍സ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസര്‍കോട് ഒരു സയന്‍സ് ബാച്ച് അനുവദിക്കപ്പെട്ടിട്ടുണ്ട്. 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.