ബാംഗ്ലൂർ അതിരൂപതയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് അൽഫോൻസസ് മത്യാസ് (96) കാലം ചെയ്തു. ഇന്നലെ ജൂലൈ 10 ബുധനാഴ്ച വൈകുന്നേരംബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽവെച്ചായിരിന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1964-1986 കാലയളവില്‍ ചിക്കമംഗളൂരു ബിഷപ്പായും 1986-1998 കാലയളവില്‍ ബാംഗ്ലൂർ ആർച്ച് ബിഷപ്പായും സേവനം അനുഷ്ഠിച്ചിരിന്നു.

1928 ജൂൺ 22 ന് കർണ്ണാടകയിലെ തെക്കൻ കാനറ ജില്ലയിലെ പംഗളയിൽ ഡീഗോ മത്യാസിൻ്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായാണ് അൽഫോൺസിന്റെ ജനനം. 1945 ജൂണിൽ രൂപതാ വൈദികനാകാനുള്ള ആഗ്രഹത്തോടെ മംഗലാപുരം ജെപ്പുവിലെ സെൻ്റ് ജോസഫ് സെമിനാരിയിൽ ചേർന്നു. അദ്ദേഹത്തിൻ്റെ പഠനമികവ് മനസിലാക്കിയ മംഗളൂരു സെമിനാരി ജീവിതത്തിൻ്റെ രണ്ടര വർഷത്തിനുള്ളിൽ അദ്ദേഹത്തെ ശ്രീലങ്കയിലെ കാൻഡിയിലെ പൊന്തിഫിക്കൽ സെമിനാരിയിലേക്ക് അയച്ചു. അവിടെ നിന്നാണ് അദ്ദേഹം തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.

1954 ഓഗസ്റ്റ് 24-ന് കാന്‍ഡിയിൽവെച്ച് വൈദികനായി. 1963 നവംബർ 16-ന് മുപ്പത്തിയഞ്ചാം വയസ്സിൽ പോൾ ആറാമൻ മാർപാപ്പ, ചിക്കമംഗളൂരു രൂപതയുടെ ആദ്യ ബിഷപ്പായി അദ്ദേഹത്തെ നിയമിച്ചു. 1964 ഫെബ്രുവരി 5ന് ചിക്കമംഗളൂരു സെൻ്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ബിഷപ്പായി നിയമിതനായി. 1989ലും 1993ലും രണ്ട് തവണ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ അദ്ദേഹം പങ്കെടുത്തിരിന്നു.