രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരിന്ന ഭവനത്തിലേക്ക് ഇരച്ചെത്തിയ തീവ്ര ഹിന്ദുത്വവാദികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരിന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അതേസമയം വിവരമറിഞ്ഞെത്തിയ പ്രാദേശിക പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സ്ത്രീകള്‍ ഉള്‍പ്പെടെ 28 ക്രൈസ്തവരെ കസ്റ്റഡിയിലെടുത്തു. ഹിന്ദുത്വവാദികളുടെ ഒത്താശയിലാണ് കേസ് ഫയല്‍ ചെയ്തതെന്ന് കരുതപ്പെടുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന യുവാവിനെ പുറത്തിറക്കി നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹിന്ദുത്വവാദികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അകാരണമായി ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്ത മതുരഗേറ്റ് പോലീസ് നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ വാദി പ്രതിയാകുന്ന രീതിയാണ് കണ്ടുവരുന്നത്. അതിനു ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.