ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ റിഷി സുനകിന് കനത്ത തിരിച്ചടി. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകള്‍.

650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി ഇതിനകം 266 സീറ്റുകളില്‍ വിജയിച്ചു. റിഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 47 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി 24 സീറ്റുകളില്‍ വിജയിച്ചു. ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. യുകെയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാമര്‍ പറഞ്ഞു. ഔദ്യോഗിക ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരും.

കീര്‍ സ്റ്റാമര്‍ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിസ്ഥാനത്തേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി പത്തുമണിവരെയായിരുന്നു (ഇന്ത്യന്‍ സമയം) വോട്ടെടുപ്പ് നടന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ലേബര്‍ 410 സീറ്റുകള്‍ നേടുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലുള്ള 14 വര്‍ഷത്തെ സര്‍ക്കാരിന് അന്ത്യം കുറിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം.

ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍ ആണ് ആദ്യ ജയം കുറിച്ചതെന്നാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഹൗട്ടണ്‍ ആന്‍ഡ് സണ്ടര്‍ലാന്‍ഡ് സൗത്ത് സീറ്റില്‍ നിന്നായിരുന്നു വിജയം. 7,169 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണ്‍ വിജയിച്ചത്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 4.6 കോടി പേര്‍ക്കാണ് വോട്ടവകാശമുള്ളത്.