ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സിആര്‍പിഎഫ് ജവാന്‍ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം പാലോട് കാലന്‍കാവ് സ്വദേശിയാണ് കൊല്ലപ്പെട്ട വിഷ്ണു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മൂന്നോടെ സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

വിഷ്ണുവിന്റെ മൃതദേഹം ഇന്ന് അര്‍ധരാത്രിയോടെ പാലോടുള്ള വീട്ടിലെത്തിക്കും. അടുത്ത മാസം 15 ന് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഷ്ണു. സ്വന്തമായി പുതിയൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി മടങ്ങി ഒന്നരമാസം കഴിയുമ്പോഴാണ് വിഷ്ണുവിന്റെ കുടുംബത്തെ തേടി വിയോഗ വാര്‍ത്ത എത്തുന്നത്.

പത്ത് വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നേഴ്‌സാണ്. വീരമൃത്യു വരിച്ച രണ്ടാമത്തെ ജവാന്‍ യുപി സ്വദേശിയാണ്. കാണ്‍പൂരില്‍ നിന്നുള്ള 29 കാരന്‍ ശൈലേന്ദ്രയാണ് വീരമൃത്യു വരിച്ചത്.